Skip to main content

അട്ടപ്പാടിയിലെ ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പുകള്‍ പൂര്‍ത്തിയായി

അട്ടപ്പാടി താലൂക്ക്  മേഖലയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ബോര്‍ഡ്  സര്‍ട്ടിഫിക്കറ്റ്, സവിശേഷ തിരിച്ചറിയല്‍  കാര്‍ഡ് (യു.ഡി.ഐ.ഡി) എന്നിവയ്ക്ക് അപേക്ഷ നല്‍കിയവര്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പുകളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ക്യാമ്പുകളോടനുബന്ധിച്ച് യു.ഡി.ഐ.ഡി അനുബന്ധ പ്രശ്‌ന പരിഹാര അദാലത്ത് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
അപേക്ഷകരുടെ സൗകര്യാര്‍ത്ഥം താവളം , കോട്ടത്തറ എന്നിങ്ങനെ രണ്ട് മേഖലയായി  തിരിച്ചാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. കേള്‍വി പരിശോധനക്കുള്‍പ്പടെയുള്ള സൗകര്യം ക്യാമ്പില്‍ സജ്ജീകരിച്ചിരുന്നു. 241 പേരാണ് രണ്ട് ദിനങ്ങളിലായി സേവനം ഉപയോഗപ്പെടുത്തിയത് . 174 പേര്‍ക്ക് യു.ഡി.ഐ.ഡി രേഖകള്‍ ഇതോടെ അനുവദിക്കാനാവും. കോട്ടത്തറ ടി.എസ്.എച്ച് സൂപ്രണ്ട് ഡോ.എം.എസ് .പത്മനാഭന്‍ ചെയര്‍മാനും ഡോ.ദീപു.സി.നായര്‍, ഡോ.അനൂപ് , ഡോ.പ്രേംജിത്ത്, ഡോ.ജിഷ മെഹര്‍,ഡോ.നിഖില്‍ എന്നിവര്‍ അംഗങ്ങളുമായുള്ള മെഡിക്കല്‍ ബോര്‍ഡാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത് കെ.എസ്.എസ്.എം ജില്ലാ കോര്‍ഡിനേറ്റര്‍ മൂസ പതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ആരോഗ്യ വകുപ്പ് ,സാമൂഹ്യ നീതി വകുപ്പ് ജീവനക്കാരും , വിവിധ കോളേജുകളില്‍ നിന്നുള്ള സോഷ്യല്‍ വര്‍ക്ക് ട്രെയിനികളും  ക്യാമ്പ് അനുബന്ധ പ്രവര്‍ത്തനങ്ങില്‍ പങ്കാളികളായി.

date