Skip to main content

ഒന്നരമണിക്കൂറിൽ വാതകചോർച്ചയ്ക്ക് പരിഹാരം:  മോക്ക്ഡ്രില്ലിൽ തെളിഞ്ഞത് ദുരന്തനിവാരണ ശേഷി 

 

 

ആലപ്പുഴ: അമ്പലമുകൾ ബി.പി.സി.എല്ലിൽ  നിന്നും പാചകവാതകവുമായി പാരിപ്പള്ളിയിലെ ഗ്യാസ് ഫില്ലിംഗ് പ്ലാന്റിലേക്ക് പോവുകയായിരുന്ന എൽ.പി.ജി. ബുള്ളറ്റ് ടാങ്കർ ലോറിയിലുണ്ടായ 'ചോർച്ച' ഒരു മണിക്കൂർ കൊണ്ട് പരിഹരിച്ച് രാസദുരന്തനിവാരണത്തിൽ ജില്ലാഭരണകൂടത്തിന്റെ ശേഷി തെളിയിച്ചു. ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വയലാറിൽ ദേശീയപാതയിലാണ് പാചകവാതക ചോർച്ചയുണ്ടായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചു നടത്തിയ മോക്ക്ഡ്രിൽ സുരക്ഷാ ക്രമീകരണത്തിലും സംഘാടനത്തിലും മികവുറ്റതായി.

 

രാവിലെ 10.20നാണ് ദേശീയ പാതയിലൂടെയുള്ള യാത്രയ്ക്കിടയിൽ വയലാർ കവലയ്ക്കും തങ്കി കവലയ്ക്കുമിടയിൽ വച്ച് 18 മെട്രിക് ടൺ സംഭരണശേഷിയുള്ള ടാങ്കർ ലോറിയിൽ വാതക ചോർച്ചയുണ്ടായ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്. ലഭിച്ച വിവരം പൊലീസ് ഉടൻ കളക്ടറേറ്റ് കൺട്രോൾറൂമിൽ അറിയിച്ചു. കൺട്രോൾ റൂമിൽ ലഭിച്ചയുടൻ ക്രൈസിസ് മാനേജമെന്റ് ഗ്രൂപ്പ് അംഗങ്ങളായ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അടിയന്തര എസ്.എം.എസ്. അയച്ചും ഫോൺ വിളിച്ചും ദുരന്ത സ്ഥലത്തെത്താൻ നിർദേശം നൽകി. ചേർത്തല ഡിവൈ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. 

 

വടക്കുനിന്നുള്ള വാഹനങ്ങളെ വയലാർ കവലയിൽ നിന്നും കിഴക്കോട്ടു തിരിച്ചുവിട്ടു. വടക്കോട്ടുള്ള വാഹനങ്ങൾ അർത്തുങ്കൽ ബൈപ്പാസ് വഴി തിരിച്ചുവിട്ടു. കളക്ടറേറ്റിലും ജില്ല ഇൻഫർമേഷൻ ഓഫീസിലും കൺട്രോൾ റൂം തുറന്നു. നൂറനാട് കേന്ദ്രത്തിൽ നിന്നെത്തിയ ഐ.റ്റി.ബി.പി. സേനയും ഗതാഗത നിയന്ത്രിക്കുന്നതിൽ പോലീസിനോടൊപ്പം ചേർന്നു. ഫയർ ആൻഡ് റസ്‌ക്യൂ സർവ്വീസസിന്റെ ചേർത്തല ആലപ്പുഴ യൂണിറ്റുകളിൽ നിന്നെത്തിയ ഫയർ എൻജിനുകൾ തുടർച്ചയായി വെള്ളം പമ്പ് ചെയ്ത് ടാങ്കറിനു മേൽ ബാഷ്പീകരണവും നീരാവി പടലവും ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കി. 

 

അപകടം സ്ഥലത്തെ കടകൾ പോലീസ് അടപ്പിച്ചു. ദുരന്തം ബാധിച്ചേക്കാവുന്ന ദൂര പരിധിയിലുള്ള വീടുകൾ, സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ ഉള്ളവരെ ഒഴിപ്പിച്ച് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ്, എക്‌സ്ട്രാ വീവ് കമ്പനി എന്നിവിടങ്ങളിൽ ഒരുക്കിയ  താൽക്കാലിക സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. കെ.എസ്.ആർ.ടി.സുടെ രണ്ട് ബസും ബിഷപ്പ് മൂർ സ്‌കൂൾ  വാഹനവും ഇതിനായി ഉപയോഗിച്ചു. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷെരീഫ്, ഗ്രാപഞ്ചായത്തംഗം മായ എന്നിവർ ജനങ്ങളെ പ്രദേശത്തുനിന്ന് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാൻ നേതൃത്വം നൽകി. 

 

വയലാർ മൊബൈൽ ടവറിന്റെ പരിധിയിൽ വരുന്ന ഫോണുകളിൽ പാചകവാതക ചോർച്ച സംബന്ധിച്ച് ബി.എസ്.എൻ.എൽ. അറിയിപ്പ് നൽകി. വാതകചോർച്ച സംബന്ധിച്ച വിവരം ലഭിച്ചയുടൻ പ്രദേശത്തെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി. വിച്ഛേദിച്ചു. ഒഴിപ്പിക്കുന്നതിനിടയിൽ ശാരീരിക അസ്വാസ്ഥ്യം നേരിട്ട ചിറയിൽ ചന്ദ്രവല്ലിക്ക് താൽക്കാലിക ചികിത്സ നൽകിയതിനുശേഷം ചേർത്തല താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ കാഷ്വാലിറ്റി വിഭാഗത്തിലേയ്ക്കു മാറ്റി. സമീപ ആശുപത്രികളിലും ചികിത്സാ സൗകര്യം ഒരുക്കിയിരുന്നു. 

 

മലിനീകരണനിയന്ത്രണ ബോർഡിലെ പരിസ്ഥിതി എൻജിനീയർമാർ, ശാസ്ത്രജ്ഞർ  എന്നിവരടങ്ങുന്ന സംഘം ഡ്രാഗർ ട്യൂബ് ഉപയോഗിച്ച് അന്തരീക്ഷ വായുവിലെ ഓക്‌സിജന്റെ അളവിനുണ്ടാകുന്ന മാറ്റം നിരീക്ഷിച്ചു. അപകടം സംഭവിച്ച ടാങ്കറിലെ ഗ്യാസ് പാരിപ്പള്ളി ഐ.ഒ.സി.യിൽ നിന്നെത്തിയ കാലി ടാങ്കറിലേക്ക് ഇരുമ്പനം എച്ച്.പി.സി.യിൽ നിന്നെത്തിച്ച എമർജൻസി റെസ്‌ക്യൂ വാഹനം ഉപയോഗിച്ച് നിറച്ചു. 

 

തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയുടെ  അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഉച്ചയ്ക്ക് 12ന് അപകടഘട്ടം നീങ്ങിയതായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ-താലൂക്ക്തല ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും പങ്കാളികളായി. തുടർന്ന് ജില്ലാ കളക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ അവലോകന യോഗം കളക്ടറേറ്റിൽ നടന്നു.

 

 

(പി.എൻ.എ.2878/17)

 

 

 

 

date