കൊച്ചി നഗരപരിധിയിലെ റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ ഹൈക്കോടതിയുടെയും അനുമതി വേണം: മന്ത്രി ജി.സുധാകരന് കാക്കനാട് സിവില്‍ ലൈന്‍ റോഡ് 15 ദിവസത്തിനകം പൂര്‍ണ്ണ ഗതാഗത യോഗ്യമാക്കും
കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതും ദേശീയ പാതയും അടക്കം കൊച്ചി നഗരത്തിലെ റോഡുകള്‍ പൊതു ആവശ്യങ്ങള്‍ക്ക് വെട്ടിപ്പൊളിക്കുന്നതിന് ഹൈക്കോടതിയുടെ കൂടി അനുമതി വാങ്ങണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിനും മറ്റു മാനദണ്ഡങ്ങള്‍ക്കും പുറമേയാണിത്. തൃക്കാക്കര നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി അവലോകനം ചെയ്യുന്നതിന് എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ യോഗത്തിലാണ് തീരുമാനം. വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി എന്നീ സര്‍ക്കാര്‍ വകുപ്പുകളും അദാനി ഗ്യാസ്, റിലയന്‍സ് തുടങ്ങിയ സ്വകാര്യ കമ്പനികളും പൈപ്പ് ഇടുന്നതിനും, ഗ്യാസ് പൈപ്പ് ലൈനും കുടിവെള്ള പൈപ്പ് ലൈനും മറ്റും കൊണ്ടു പോകുന്നതിനായി പിഡബ്ല്യുഡി റോഡുകള്‍ വെട്ടിപ്പൊളിക്കുകയും പിന്നീട് പൂര്വ്വസ്ഥിതിയിലാക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രി പറഞ്ഞു. പല റോഡുകളും തകരുന്നത് പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ച മൂലമല്ല. എന്നാല്‍ എല്ലാവരും വകുപ്പിനെയാണ് കുറ്റപ്പെടുത്തുന്നത്. പൈപ്പിടുന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിക്കുകയും പിന്നീട് അത് നന്നാക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ് പല റോഡുകളും മോശമാകുന്നത്. കുറച്ച് റോഡുകള്‍ മാത്രമാണ് ഇത്തരത്തിലുള്ളത്. റോഡ് മുറിക്കുന്നതിനായി നല്‍കേണ്ട ഫീസും പലരും അടയ്ക്കാറില്ല. ഇത്തരം നടപടികള്‍ ഇനി അംഗീകരിക്കാനാകില്ല. ദേശീയപാത സംരക്ഷണ നിയമപ്രകാരം അതാത് ഡിവിഷനിലെ എന്‍ജിനീയര്‍മാരുടെ ഉത്തരവാദിത്തത്തിലാണ് പൊതുമരാമത്ത് റോഡുകള്‍. റോഡ്മുറിക്കുന്നതിനും പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും കൃത്യമായ വ്യവസ്ഥകള്‍ ബാധകമാക്കും. റോഡ് മുറിക്കുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സബ്മിഷന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കാക്കനാട് സിവില്‍ ലൈന്‍ റോഡ് അടക്കം വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുള്ള മൂന്നര കിലോമീറ്റര്‍ സിവില്‍ ലൈന്‍ റോഡിലെ അറ്റകുറ്റപ്പണികള്‍ 15 ദിവസത്തിനകം പൂര്‍ത്തീകരിക്കും. കുഴിയടയ്ക്കല്‍ മാത്രമല്ല ചിപ്പിംഗ് കാര്‍പ്പെറ്റ് നടത്തി റോഡ് പൂര്‍ണ്ണ ഗതാഗത യോഗ്യമാക്കും. നവംബര്‍ 10 നകം നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ഇതിനാവശ്യമായ മുഴുവന്‍ തുകയും അനുവദിക്കും. കൊച്ചി മെട്രോ നിര്‍മ്മാണവുമായി സിവില്‍ ലൈന്‍ റോഡ് ഏറ്റെടുക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി വൈകിയത്. എന്നാല്‍ 2019 ഡിസംബര്‍ അവസാനത്തോടെയേ മെട്രോ നിര്‍മ്മാണം ആരംഭിക്കൂ എന്നാണ് കെ എം ആര് എല്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. റോഡ് അറ്റകുറ്റപ്പണിക്കിടെ കരാറുകാരനെ കൈയ്യേറ്റം ചെയ്തവര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. റോഡ് നിര്‍മ്മാണത്തിനിടെയുണ്ടായ അക്രമം ദുരുദ്ദേശപരമാണ്. കൈയ്യേറ്റം നടത്തിയവരെ അറസ്റ്റ് ചെയ്യണം. റോഡ് വെട്ടിപ്പൊളിക്കാന്‍ അനുവാദം നല്‍കുന്നവര്‍ക്ക് ബന്ധപ്പെട്ടവര്‍ അത് പൂര്വ്വസ്ഥിതിയിലാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ ആദ്യവും അവസാനവും ബോര്‍ഡ് വെക്കുന്ന നടപടി ആരംഭിച്ചതായി മന്ത്രി അറിയിച്ചു. തൃക്കാക്കര മണ്ഡലത്തിലെ 104 കിലോമീറ്റര്‍ റോഡില്‍ 60 കിലോമീറ്റര്‍ പൂര്‍ണ്ണ ഗതാഗത യോഗ്യമാണ്. 17 കിലോമീറ്റര്‍ ബിഎംബിസി നിലവാരമുള്ളവയാണ്. 23 കിലോമീറ്ററില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 512 കോടിയാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തിലെ 32 റോഡുകളില്‍ 11 റോഡുകള്‍ വലിയ തകര്‍ച്ചയിലാണെന്ന് പി.ടി.തോമസ് എം.എല്‍.എ പറഞ്ഞു. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള ദേശീയ പാതയുടെ വശങ്ങളിലെ സര്‍വീസ് റോഡുകളില്‍ കൈയ്യേറ്റം രൂക്ഷമാണ്. ഈ റോഡുകള്‍ നന്നാക്കുന്നതിന് നടപടി സ്വീകരിക്കണം. ഹൈവേയുടെ അടിയിലുള്ള കനാല്‍ പലയിടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. ജെറ്റിംഗ് നടത്തി കനാലുകള്‍ വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കണം. പഴയ ദേശീയ പാത റോഡ്, ഇടപ്പള്ളി മണിമല റോഡ്, സീപോര്‍ട്ട്എയര്‍പോര്‍ട്ട് തുതിയൂര്‍ റോഡ്, മാപ്രാണം റോഡ്, പാലച്ചുവട് റോഡ് നിലം പതിഞ്ഞ റോഡ്, എ.പി.വര്‍ക്കി റോഡ്, ഇടച്ചിറ വായനശാലപ്പടി റോഡ്, സെസ് ഡീവിയേഷന്‍ റോഡ്, തൃക്കാക്കര ക്ഷേത്രം റോഡ്, പാട്ടുരായ്ക്കല്‍ തൃക്കാക്കര റോഡ്, മോഡല്‍ എന്‍ജിനീയറിംഗ് കോളേജിനു സമീപത്തെ റോഡ്, അത്താണി മുണ്ടം പാലം റോഡ്, പടമുഗള്‍ പാലച്ചുവട് റോഡ്, വെണ്ണല പാലച്ചുവട് റോഡ്, വൈറ്റില പാലാരിവട്ടം റോഡ്, ഇടപ്പള്ളി ബസാര്‍ അര്‍ക്കക്കടവ് റോഡ്, കുണ്ടന്നൂര്‍ പേട്ട റോഡ് എന്നീ റോഡുകളുടെ അറ്റകുറ്റപ്പണിയും യോഗത്തില്‍ വിലയിരുത്തി.
- Log in to post comments