Skip to main content
റാന്നി താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക്  നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

ആരോഗ്യ മേഖല: റാന്നി നിയോജക മണ്ഡലത്തില്‍ 50 കോടി രൂപയുടെ വികസനം സാധ്യമാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ് 

റാന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയില്‍ മാത്രം 50 കോടിയുടെ വികസനം സാധ്യമാക്കിയെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാന്നി താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കിഫ്ബിയില്‍  നിന്നും തുക ചെലവഴിച്ചാണ് നിര്‍മാണം. മൂന്നു നിലകളിലായി പാലിയേറ്റിവ് കെയര്‍,  ഫിസിയോ തെറാപ്പി, ഡെന്റല്‍ ട്രീറ്റ്‌മെന്റ്, ലാബ്, അള്‍ട്രാ സൗണ്ട് സ്‌കാന്‍ ഉള്‍പ്പടെ ആധുനിക സൗകര്യത്തോടെയുള്ളതാണ് പുതിയ കെട്ടിടം.
കിഫ്ബിയിലൂടെ കോടികണക്കിന് രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളം ആണ്.   പ്രതിവര്‍ഷം 1600 കോടി രൂപ സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നു. ആശ പ്രവര്‍ത്തകര്‍ക്കായി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തി. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി . റാന്നി താലൂക്ക് ആശുപത്രിക്ക്  ആംബുലന്‍സിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date