പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് കൂടുതല്‍ വായ്പകള്‍ അനുവദിക്കണം - ജില്ലാ വികസന സമിതി
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കും മറ്റുള്ളവര്‍ക്കും കൂടുതല്‍ വായ്പകള്‍ അനുവദിക്കുന്നതിനുള്ള സത്വര നടപടികള്‍ ഉണ്ടാകണമെന്ന് ജില്ലാ വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജുഎബ്രഹാം എംഎല്‍എയാണ് ഈ വിഷയം വികസന സമിതിയില്‍ ഉന്നയിച്ചത്. ജില്ലയെ നടുക്കിയ പ്രളയത്തില്‍ ജീവനോപാധികള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ട ധാരാളം പേരുണ്ട്. ഇവര്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കുന്നതിന് കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ വായ്പ നല്‍കുന്നതിന് പ്രതേ്യക അനുമതി നബാര്‍ഡ്, റിസര്‍വ് ബാങ്ക് എന്നിവയില്‍ നിന്നും ആവശ്യമായതിനാല്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതിന് ജില്ലാ സഹകരണബാങ്കുകളിലൂടെ ഇത്തരം വായ്പകള്‍ നല്‍കുന്നതിനുള്ള നടപടികളാണ് ആവശ്യമെന്നും വികസന സമിതി അഭിപ്രായപ്പെട്ടു.
പ്രളയത്തില്‍ വിവിധ സ്ഥലങ്ങളിലെ ഓടകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളി നീക്കാത്തതുമൂലം ചെറിയ മഴ പെയ്താല്‍ പോലും ചില സ്ഥലങ്ങളില്‍ റോഡുകളില്‍ ജലനിരപ്പ് ഉയരുന്ന അവസ്ഥയുണ്ട്. ഇത് ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഓടകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളി നീക്കം ചെയ്യണമെന്ന് രാജുഎബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു.
പറന്തല്‍-കുരമ്പാല-പഴകുളം തോടിന്റെ ആഴം കൂട്ടി വശങ്ങളില്‍ സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്ന ഏനാത്ത്-ഇളംഗമംഗലം തൂക്കുപാലം പുതുക്കി പണിയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ഇവിടുത്തെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് താത്ക്കാലികമായി കടത്തുസംവിധാനം ഏര്‍പ്പെടുത്തുക, തുമ്പമണ്‍, ചേന്നംപള്ളി എന്നിവിടങ്ങളില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുക, തുമ്പമണ്‍ വില്ലേജ് ഓഫീസിന്റെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക എന്നീ കാര്യങ്ങളിലും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു. പന്തളം ബൈപാസിന്റെ നിര്‍മാണത്തിനുള്ള അലൈന്‍മെന്റ് സ്റ്റോണുകള്‍ നാളെ (29ന്) സ്ഥാപിക്കും. 30ന് ഇതുസംബന്ധിച്ച സര്‍വെ ആരംഭിക്കും. ഒരു വര്‍ഷം മുമ്പ് കിഫ്ബിയില്‍ നിന്ന് തുക അനുവദിച്ചിട്ടുള്ള പന്തളം ബൈപാസ് യാഥാര്‍ഥ്യമാക്കുന്നതിന് സത്വര നടപടികള്‍ ഉണ്ടാകണമെന്ന് എംഎല്‍എ പറഞ്ഞു. പന്തളം പാലത്തിന് സമീപമുള്ള പിഡബ്ല്യുഡിയുടെ കെട്ടിടം ഫയര്‍ഫോഴ്‌സിന്റെ ഉപയോഗത്തിനായി വിട്ടുകൊടുക്കണമെന്നും എംഎല്‍എ പറഞ്ഞു.
അച്ചന്‍കോവിലാറിന്റെ തീരങ്ങള്‍ പ്രളയത്തില്‍ വ്യാപകമായി ഇടിഞ്ഞിട്ടുള്ളത് കെട്ടി സംരക്ഷിക്കണമെന്നും കൈപ്പട്ടൂര്‍, തൃപ്പാറ, ചിറ്റൂര്‍കടവ് പാലങ്ങളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അടൂര്‍ പ്രകാശ് എംഎല്‍എ ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിലവിലുള്ള എല്‍.ഡി ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള വിവിധ തസ്തികകളിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്ത ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എഡിഎം യോഗത്തെ അറിയിച്ചു.
കീഴ്‌വായ്പൂര് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിടത്തിന്റെ പണികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രതിനിധി അലക്‌സ് കണ്ണമല ആവശ്യപ്പെട്ടു. ജില്ലയിലെ പല ഭാഗങ്ങളിലും ട്രാഫിക് സിഗ്നലുകളുടെ അഭാവം അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കണമെന്നും പ്രളയദുരിതാശ്വാസം ലഭ്യമാകാത്തത് സംബന്ധിച്ച പരാതികള്‍ അടിയന്തരമായി പരിശോധിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ആവശ്യപ്പെട്ടു.
പ്രളയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ വായ്പകള്‍ നല്‍കുന്നതിന് സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ശബരിമല തീര്‍ഥാടകര്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ പോലീസ് ഔട്ട്‌പോസ്റ്റുകള്‍ കൂടുതലായി സ്ഥാപിക്കണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.ജയവര്‍മ ആവശ്യപ്പെട്ടു.
എഡിഎം പി.റ്റി എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദരലാല്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 3500/18)
- Log in to post comments