Skip to main content

അനധികൃത ബാനറുകള്‍ നീക്കം ചെയ്യല്‍: ഇന്നു (തിങ്കള്‍) രാത്രിയോടെ പൂര്‍ത്തിയാകുമെന്ന്  തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍

 

 

കൊച്ചി: ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അനധികൃത പരസ്യബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന്റെ പുരോഗതി ജില്ലാ കലക്ടര്‍ വിലയിരുത്തി. 

 

ഒക്ടോബര്‍ 30ന് മുമ്പ് സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും ഫീല്‍ഡ് സ്റ്റാഫും ഉത്തരവാദികളായിരിക്കും എന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

 

 

വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അനധികൃത ഹോര്‍ഡിങ്ങുകള്‍ മാറ്റുന്ന പ്രക്രിയ 80 ശതമാനത്തിലധികം പൂര്‍ത്തിയായെന്ന് കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു. ഇവ നീക്കം ചെയ്തു എന്ന് സ്ഥിരീകരിക്കുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ജില്ലാ കലക്ടര്‍ എല്‍ ആര്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. ബാനറുകള്‍ എത്രയെണ്ണം നീക്കം ചെയ്തു എന്നും റിപ്പോര്‍ട്ട് നല്‍കണമെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളോട് കലക്ടര്‍ ആവശ്യപ്പെട്ടു. 

കൊച്ചി നഗരസഭയില്‍ വിവിധ സോണുകള്‍ തിരിച്ച് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും, ബാനറുകള്‍ നീക്കം ചെയ്യല്‍ നടന്നുവരികയാണെന്നും കോര്‍പ്പറേഷന്‍ പ്രതിനിധി അറിയിച്ചു. 

 

 

രാഷ്ട്രീയപാര്‍ട്ടികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിവരെല്ലാം സ്ഥാപിച്ച അനധികൃത ബാനറുകള്‍ നീക്കംചെയ്യണമെന്ന് ജില്ലാകലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ബാനറുകളും ബോര്‍ഡുകളും നീക്കം ചെയ്യണം. ബാനറുകള്‍ നീക്കം ചെയ്തശേഷം വീണ്ടും അവിടെ സ്ഥാപിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

 

ഇന്ന് (ഒക്‌ടോബര്‍ 29) രാത്രിയിലും –വിവിധ സ്‌ക്വാഡുകള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുകയും മുഴുവന്‍ ബാനറുകളും നീക്കം ചെയ്യുകയും ചെയ്യും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഇവ നീക്കം ചെയ്യുന്നുണ്ടെന്ന് സ്ഥീരികരിച്ച് തഹസില്‍ദാര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍  കോടതിയില്‍ സമര്‍പ്പിക്കും.

date