എറണാകുളം അറിയിപ്പുകള്‍1
ലേലം
കൊച്ചി: ആലുവ താലൂക്ക് മലയൂറ്റൂര്‍ വില്ലേജില്‍ ബ്ലേക്ക് 22 റീസര്‍വ്വെ 96/2 ല്‍ പ്പെട്ട സര്‍ക്കാര്‍ വക ഭൂമിയില്‍ നിന്നും അനധികൃതമായി മുറിച്ച് മാറ്റിയ താണിമരം നവംബര്‍ 11-ന് രാവിലെ 11-ന് വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547613711.
ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ
ആസൂത്രണ പ്രകിയയ്ക്ക് തുടക്കം കുറിച്ചു
കൊച്ചി: ഇടപ്പളളി ബ്ലോക്കില്‍ 2019-20 വര്‍ഷത്തെ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രളയം മൂലം നിരവധി കുടുംബങ്ങള്‍ക്ക് വീടും ജീവനോപാധികളും നഷ്ടപ്പെട്ട സാഹചര്യത്തില്‍ അത്തരം കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്കിക്കൊണ്ട് തൊഴിലും വരുമാനവും ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍,ആന്റണി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം മൂലം ഗ്രാമ പ്രദേശങ്ങളിലെ റോഡ് അടക്കമുളള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവയുടെ പുനര്‍നിര്‍മ്മാണവും നടത്തും. പ്രളയ ബാധിത പ്രദേശങ്ങളില്‍ അടിയന്തിര പ്രാധാന്യത്തോടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തും.
യോഗത്തില്‍ വൈസ് പ്രസിഡന്റ് ലില്ലി ആല്‍ബര്‍ട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ.എസ്. കുഞ്ഞുമോന്‍ യോഗത്തില്‍ സ്വാഗതം ആശംസിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ പുഷ്‌ക്കരന്‍ ഇ.കെ, ജോസി വൈപ്പിന്‍, സെലിന്‍ ചാള്‍സ്, സീന ഫ്രാന്‍സിസ്, ടി.ജെ മനോജ,് ശ്യാമള ഷിബു, വിന്‍സി ഡേറീസ്, ബിന്ദു സെബാസ്റ്റിന്‍, ഡോണോ മാഷ്, ജോണ്‍സണ്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്ലാന്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍ പി.കെ മാത്യു പദ്ധതി വിശദീകരിച്ചു. പി.എസ് ജോഷി കൃതഞ്ജത അര്‍പ്പിച്ചു.
കോമണ്‍ ഫെസിലിറ്റി സെന്റര്‍:
അഭിപ്രായം അറിയിക്കണം
കൊച്ചി: സൂക്ഷ്മ-ചെറുകിട സംരംഭങ്ങളുടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി മെ.കാലടി സ്റ്റീല്‍ ഫര്‍ണീച്ചര്‍ കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ്, ഒരു കോമണ്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി വ്യവസായ വാണിജ്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ പദ്ധതിയുമായി സഹകരിക്കുവാന്‍ താല്‍പര്യമുള്ള, എറണാകുളം ജില്ലയിലെ സ്റ്റീല്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണ മേഖലയിലെ സംരംഭകര്‍ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രവുമായോ എംഎസ്എംഇ- ഡിഐ തൃശ്ശൂരുമായോ ബന്ധപ്പെടണം. പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും മറ്റും നവംബര്‍ 8-ാം തീയതിയ്ക്കകം അറിയിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പറഞ്ഞു.
കാലടി മേഖലയിലെ സ്റ്റീല്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണ സംരംഭകര്‍ ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് മെ.കാലടി സ്റ്റീല്‍ ഫര്‍ണീച്ചര്‍ കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ്. വ്യക്തിഗത സംരംഭങ്ങള്‍ക്ക് അവയുടെ ഉത്പാദന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനാവശ്യവുമായ സംവിധാനം സൃഷ്ടിക്കുക എന്നതാണ് കോമണ്‍ ഫെസിലിറ്റി സെന്ററിലൂടെ ഉദ്ദേശിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായുള്ള ഷിയറിംഗ്, കട്ടിംഗ്, ബെന്‍ഡിംഗ് വര്‍ക്കുകള്‍ക്കുള്ള നൂതന സംവിധാനമാണ് ഈ പദ്ധതിയിലൂടെ കാലടി സ്റ്റീല്‍ ഫര്‍ണീച്ചര്‍ കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നത്.
(ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം, ഫോണ്‍:0484 2421461 / എംഎസ്എംഇ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ ഫോണ്‍:0487-2360536/686).
കുടിവെളള വിതരണം മുടങ്ങും
കൊച്ചി: വാട്ടര്‍ അതോറിറ്റിയുടെ തൃപ്പൂണിത്തുറ സബ് ഡിവിഷന്റെ പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ, ചോറ്റാനിക്കര, തിരുവാങ്കുളം, ഉദയംപേരൂര്‍ എന്നീ പ്രദേശങ്ങളില്‍ ഒക്‌ടോബര്‍ 30, 31 തീയതികളില്‍ കുടിവെളളവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഫോള്‍ഡ്‌സ്‌കോപ്പ് പരിശീലനം
കൊച്ചി: സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ.മനുപ്രകാശ് വികസിപ്പിച്ച പേപ്പര്‍ മൈക്രോസ്‌കോപ്പായ 'ഫോള്‍ഡ്‌സ്‌കോപ്പിന്റെ' പ്രചാരണാര്‍ത്ഥം, ഇന്ത്യാ ഗവണ്‍മെന്റിന്റെ ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റും, മഹാരാജാസ് കോളേജ് ബോട്ടണി വിഭാഗവും ചേര്‍ന്ന് 'ഫോള്‍ഡ് സ്‌കോപ്പ് ട്രെയിനിംഗ്' നടത്തുന്നു. താത്പര്യമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശീലനം സംഘടിപ്പിക്കുന്നതിന് സ്‌കൂള്‍, കോളേജ് വിഭാഗങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. സ്‌കൂളുകള്‍ക്കായി പരിശീലനം മഹാരാജാസ് കോളേജില്‍ നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും. പരിശീലനം തികച്ചും സൗജന്യമായിരിക്കും. താത്പര്യമുളള സ്‌കൂളുകളും കോളേജുകളും ഇനി പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഡോ.ശ്യാംകുമാര്‍.എസ്, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബോട്ടണി. ഫോണ്‍ 9188755177.
- Log in to post comments