ഉന്നത ബിരുദം നേടിയവരെ ആദരിച്ചു
സാക്ഷരതാ മിഷനിലൂടെ പത്താംതരവും ഹയർ സെക്കൻഡറി തുല്യതയും പാസായശേഷം ഉന്നത ബിരുദം കരസ്ഥമാക്കിയ ഷംസുദ്ദീൻ തൈക്കണ്ടിയെയും ജനകീയ ആസൂത്രണത്തിൽ എം.എ ഒന്നാം റാങ്ക് നേടിയ സാക്ഷരതാ മിഷൻ റിസോഴ്സ് പേഴ്സൺ കെ.കെ രവി മാസ്റ്ററെയും അനുമോദിച്ചു. ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ജേതാക്കൾക്ക് ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ഷംസുദ്ദീൻ തൈക്കണ്ടി ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തളിപ്പറമ്പ് കില ക്യാമ്പസിൽ നിന്നാണ് കെ.കെ രവി മാസ്റ്റർ ജനകീയ ആസൂത്രണത്തിൽ എം.എ പൂർത്തിയാക്കിയത്. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷാജു ജോൺ, അസിസ്റ്റന്റ് കോ-ഓഡിനേറ്റർ ടി.വി ശ്രീജൻ, ജില്ലാ റിസോഴ്സ് പേഴ്സൺ വി.ആർ.വി ഏഴോം, കെ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
- Log in to post comments