Skip to main content

ലഹരിക്കെതിരെ ജനകീയ കാംപയിന്‍ സംഘടിപ്പിച്ച് അലനല്ലൂര്‍ പഞ്ചായത്ത്

ലഹരി ഉത്പന്നങ്ങളുടെ വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ 'പോരാടാം ലഹരിക്കെതിരെ ഒരുമിക്കാം നാടിന്റെ നന്മക്കായി' എന്ന പേരില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ കാംപയിന്‍ സംഘടിപ്പിച്ചു. വര്‍ദ്ധിച്ചു വരുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ എടത്തനാട്ടുകര, അലനല്ലൂര്‍ എന്നീ മേഖലകളെ ക്ലസ്റ്ററുകളായി തിരിച്ച് ബോധവത്കരണം നടത്താനും 20 അംഗങ്ങളെ ഉള്‍പ്പെടുത്തി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മ രൂപീകരിക്കാനും കാംപയിനില്‍ തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുവാനും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ഔട്ലെറ്റുകള്‍ സ്ഥാപിക്കാനും രാത്രികാലങ്ങളിലുള്ള വ്യാപാരം കര്‍ശനമായി നിയന്ത്രിക്കാനുമുള്ള നടപടികള്‍ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചു.
               അലനല്ലൂര്‍ എസ് കെ ആര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കാംപയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം മേലാറ്റൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ശരീഫ് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എം കെ ബക്കര്‍, മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ രാംദാസ്, എക്സൈസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍, അഡ്വ.മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. വ്യാപാരി വ്യവസായി പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സി ഡി എസ് മെമ്പര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, വിവിധ മതസംഘടനകളുടെ പ്രധിനിധികള്‍ പങ്കെടുത്തു.

date