Skip to main content

അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് പ്രഥമ പരിഗണന; ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് പ്രഥമ പരിഗണന നല്‍കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 13ന് വൈകിട്ട് 4.30ന് ജില്ലാ പഞ്ചായത്ത് യോഗം ബജറ്റിന് അംഗീകാരം നല്‍കും. 972761211 രൂപ പ്രതീക്ഷിത വരവും 960121000 രൂപ പ്രതീക്ഷിത ചെലവും ഉള്‍പ്പെടെ 12640211രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല ജനങ്ങളുടെ ആളോഹരി വരുമാനം മെച്ചപ്പെടുത്തി ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പരിശ്രമം കൂടിയാണ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. പാലിയേറ്റീവ് ഗ്രിഡ്  രൂപീകരിക്കും. വയോജനങ്ങള്‍ക്ക് നല്ല ചികിത്സയും പരിചരണവും ഉറപ്പുവരുത്തും. മറവി രോഗമുള്ളവര്‍ക്ക് വേണ്ടി പ്രത്യേക കേന്ദ്രം ആരംഭിക്കും. വിജ്ഞാന കേരളം മികച്ച പദ്ധതിയായി നടത്തും. ജില്ലാ പഞ്ചായത്ത് കെ.എസ.്ആര്‍.ടി.സിയും ബി.ആര്‍.ഡി.സിയും ചേര്‍ന്ന് കാസര്‍കോട് സഫാരിക്ക് തുടക്കം കുറിക്കും. നവംബര്‍ ഒന്നോടെ അതിദരിദ്ര്യരില്ലാത്ത ജില്ലയാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിയില്‍ നിന്നും പുതു തലമുറയെ മുക്തരാക്കി ചേര്‍ത്തു പിടിക്കാന്‍ റിഥം എന്ന പേരില്‍ സമഗ്ര പദ്ധതിയാണ് ജില്ലാപഞ്ചായത്ത് ആവിഷ്‌ക്കരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

വിദ്യാഭ്യാസം ആരോഗ്യം കര്‍ഷക ക്ഷേമം വ്യവസായം അടിസ്ഥാന സൗകര്യ വികസനം തുടങ്ങി സമസ്ത മേഖലകളുടെയും വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റെന്ന് ഷാനവാസ് പാദൂര്‍ പറഞ്ഞു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജിമാത്യു, ജില്ലാ  പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എന്‍ സരിത,  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു, പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ, ജോമോന്‍ ജോസ്, എം.ഷൈലജ ഭട്ട്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജി.സുധാകരന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.ബാലകൃഷ്ണന്‍,  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍  കെ.സജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി  തുടങ്ങിയവര്‍ സംസാരിച്ചു.

ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടം റിഥം പദ്ധതിയിലൂടെ

റിഥം പദ്ധതിയിലൂടെ ലഹരി ഉപയോഗത്തിനെതിരെ സന്ധിയില്ലാ പോരാട്ടത്തിനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗവും മാനസിക പ്രശ്‌നങ്ങളും വിശകലനം ചെയ്ത് അവരെ കൗണ്‍സിലിംഗിലൂടെയും മറ്റും നേര്‍ വഴിയിലേക്ക് നയിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പാരന്റിങ് പരിശീലനം നല്‍കും. വീനസ് ഐ.വി.എഫ് സെന്ററുമായി സഹകരിച്ചാണ് പരിശീലനങ്ങള്‍ നല്‍കുക.

എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളിലാണ് റിഥം പദ്ധതി നടത്തുക.  സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്  ഡെവലപ്പ്‌മെന്റ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ മാനസീകാരോഗ്യ സൂചിക തയ്യാറാക്കുന്നതിനായി കേന്ദ്ര സര്‍വ്വകലാശാലയുടെ സഹകരണത്തോടെ സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി  തുടര്‍ നടപടി സ്വീകരിക്കുന്നതിനും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ലഹരിക്കെതിരെ സിനിമ നിര്‍മ്മിച്ചും പുതു തലമുറയെ ചേര്‍ത്ത് പിടിക്കും. സ്‌കൂളുകളില്‍ ചില്‍ഡ്രണ്‍സ് പാര്‍ക്കുകള്‍, ഓപ്പണ്‍ ജിം, മാ-കെയര്‍ എന്നിവയൊരുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 3.75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
 
ലഹരിമുക്തരായവര്‍ വീണ്ടും ലഹരിയിലേക്ക് മടങ്ങുന്നുണ്ടെന്ന് അവര്‍ക്ക് സമൂഹത്തില്‍ സ്വീകാര്യതയോ ഉപജീവനമാര്‍ഗ്ഗമോ ലഭിക്കാത്തതാണ് ഇതിന് കാരണമെന്നുമെന്ന് തിരിച്ചറിഞ്ഞ് ചീമേനി തുറന്ന ജയിലിന് സമീപം ഡീ അഡിക്ഷന്‍ സെന്ററും തൊഴില്‍ പരിശീലന കേന്ദ്രവും സ്ഥാപിക്കും.

ടൂറിസം രംഗത്ത് തരംഗം തീര്‍ക്കാന്‍ കാസ്രോടന്‍ സഫാരി

തദ്ദേശ ടൂറിസം വികസനത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയും ബി.ആര്‍.ഡി.സിയുമായി സഹകരിച്ച് കാസ്രോടന്‍ സഫാരി പദ്ധതിക്ക് തുടക്കം കുറിക്കും.

സ്ത്രീ പക്ഷ ബജറ്റിന് നേതൃത്വം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാസര്‍കോട് ജില്ലാപഞ്ചായത്ത് അവതരിപ്പിച്ചത് സ്ത്രീപക്ഷ ബജറ്റ്. 2011 ലെ സെന്‍സസ് പ്രകാരം കാസര്‍കോട് ജില്ലയില്‍ 51.53% സ്ത്രീകളാണ് ഉള്ളത്. അതില്‍ അഭ്യസ്ത വിദ്യരായ നമ്മുടെ ജില്ലയിലെ സ്ത്രീകള്‍ തൊഴിലില്ലായ്മ നേരിടുകയാണ്. വിജ്ഞാന കേരളം പദ്ധതിയിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണും. ജില്ലാ പഞ്ചായത്തിന്റെ ക്യാന്റീന്‍ പ്രീമിയം കഫെയാക്കി മാറ്റും. ടിഷ്യു കള്‍ച്ചര്‍ വാഴ നഴ്്‌സറി ആരംഭിക്കും.

കരിക്ക് ഐസ്‌ക്രീം, ഷേക്ക് യൂണിറ്റുകള്‍ ആരംഭിക്കാന്‍ സൗകര്യമൊരുക്കും. കുടുംബശ്രീയുമായി സഹകരിച്ച് കളിപ്പാട്ട നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും. മടിക്കൈയിലെ ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം കലയുടെയും കുടുംബശ്രീയുടെയും ഉത്തര മേഖല പരിശീലന കേന്ദ്ര ഉയര്‍ത്തും. ഉദയഗിരിയിലെ വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റലിന് സമാനമായി നീലേശ്വരത്തെ അപ്പാരല്‍ പാര്‍ക്കില്‍ പുതിയ വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റല്‍ നിര്‍മ്മിക്കും.

കടലറിവ് മ്യൂസിയം

തീരദേശ മേളയില്‍ പി.എസ്.സി പരിശീലന ക്ലാസ് ആരംഭിക്കും. ബേക്കല്‍ ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കടലറിവ് മ്യൂസിയം സ്ഥാപിക്കും . ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരുടെ ഉന്നമനത്തിനായി 9 കോടി 90 ലക്ഷത്തി 67,000 രൂപ മാറ്റിവെച്ചു. എന്‍.ടി.ടി.എഫുമായി ചേര്‍ന്ന് 28 യുവതീയുവാക്കള്‍ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കി തൊഴില്‍ നേടിയിട്ടുണ്ട്. പദ്ധതി തുടരും.

വിജ്ഞാന കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക്-നഗരസഭ അടിസ്ഥാനത്തിലും നിയോജക മണ്ഡലാടിസ്ഥാനത്തിലുമുള്ള ജോബ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് നടപ്പാക്കും. ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കി സംയോജന സാധ്യത പരിശോധിച്ച് നടത്തും.

മണ്ണറിഞ്ഞ് കൃഷി

മണ്ണറിഞ്ഞ് കൃഷി പദ്ധതിയുടെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ മണ്ണ് പരിശോധനാ ക്യാമ്പുകള്‍ നടത്തും. നെല്‍കൃഷി വികസനം, ജലസേചന സൗകര്യമൊരുക്കല്‍, മണ്ണ്, ജല സംരക്ഷണം എന്നിവ ഇത്തവണയും ഏറ്റെടുത്തിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്ക് 1.75 കോടി രൂപ വകയിരുത്തി. മൃഗസംരക്ഷണ രംഗത്ത് എ.ബി.സി കേന്ദ്രം യാഥാര്‍ത്ഥ്യമായി.

ഗ്രാമീണ റോഡ് നവീകരണത്തിന് 12.80 കോടി

ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ജില്ലയിലെ 25 ഗ്രാമീണ റോഡുകള്‍ നവീകരിക്കും. ഇതിനായി  12.80 കോടി രൂപ വകയിരുത്തി. ഭവന പദ്ധതിക്ക് 12 കോടി രൂപ മാറ്റിവെച്ചു. നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ച് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള മീറ്റുകള്‍ നടത്തും.

ആരോഗ്യ മേഖലയ്ക്ക് 8.50 കോടി

ജില്ലാ അലോപതി ആശുപത്രി സാധാരണക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന വിധത്തില്‍ വിപുലീകരിക്കും. മാരകം രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള മരുന്നും ഇന്‍ജക്ഷനും ജില്ലാ ആശുപത്രിയില്‍ തുടര്‍ന്നും ഉറപ്പാക്കും. കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്കുള്ള മരുന്ന് നല്‍കല്‍ പദ്ധതി തുടരും. ഡയാലിസിസ് സൗകര്യം വിപുലീകരിക്കും. കാത്ത് ലാബ് കൂടുതല്‍ സൗകര്യപ്രദമാക്കും. ആയുര്‍വേദ ആശുപത്രിയില്‍ എസ്.ടി.പി സൗകര്യം പൂര്‍ത്തീകരിക്കും. പുതിയ കെട്ടിടം തുറന്ന് കൂടുതല്‍ പേ വാര്‍ഡുകളോടെ പ്രവര്‍ത്തിക്കും. ജില്ലാ ഹോമിയോ ആശുപത്രിക്ക് പുരാവസ്തു വകുപ്പില്‍ നിന്നും കൈമാറി കിട്ടിയ സ്ഥലത്ത് ഫിസിയോ തെറാപ്പി സെന്റര്‍ ആരംഭിക്കും. മരുന്നുകള്‍ ഉറപ്പാക്കും.

വയോജനങ്ങള്‍ക്ക് സായന്തനം കെയര്‍

സായന്തനം കെയര്‍ എന്ന പേരില്‍ വയോജനങ്ങള്‍ക്ക് സമഗ്ര പദ്ധതി. വയോജനങ്ങള്‍ക്ക് പ്രത്യേക സംരക്ഷണവും മെഡിക്കല്‍ ക്യാമ്പും ഭക്ഷണവും നല്‍കുന്ന പദ്ധതിയാണിത്. അവര്‍ക്കായി മറവി രോഗത്തിനുള്ള സെന്ററുകളും ആരംഭിക്കും. വയോജന പാര്‍ക്കുകളും ഹാപ്പിനസ് പാര്‍ക്കുകളും ആരംഭിക്കുകയും ജെറിയാട്രിക് ഫുഡ് വിതരണം ചെയ്യും. വയോജന ക്ഷേമത്തിന് ഒരു കോടി രൂപ വകയിരുത്തി.

മള്‍ട്ടി ജനറേഷന്‍ പാര്‍ക്കുകള്‍ വരും

പ്രായ ഭേദമന്യേ എല്ലാ തലമുറകള്‍ക്കും മാനസീകാരോഗ്യത്തിനും കായിക വിനോദത്തിനും ഒഴിവ് സമയം ചിലവഴിക്കുന്നതിനുമായി മള്‍ട്ടി ജനറേഷന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ബജറ്റില്‍ പ്രത്യേക പരിഗണന.

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനമടക്കമുള്ള ഉപകരണങ്ങള്‍, കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ക്ക് 1.15 കോടി രൂപ വകയിരുത്തി.  ട്രാന്‍സ് ജെന്റര്‍ വിഭാഗക്കാര്‍ക്ക് തൊഴില്‍ പരിശീലനവും കിറ്റും നല്‍കുന്ന പദ്ധതി തുടരും.

 മാലിന്യമുക്ത ജില്ലയാകാന്‍ കാസര്‍കോട്

മാര്‍ച്ച് 30ഓടെ കാസര്‍കോടിനെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള തീവ്ര പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് 75 ലക്ഷം രൂപ നീക്കി വെച്ചു.

date