142 കൊറഗ കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികള്‍ ആകുന്നു
മഞ്ചേശ്വരം താലൂക്കിലെ 142 കൊറഗ കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികള്‍ ആകുന്നു. നൂറ്റാണ്ടായുള്ള ആവശ്യം പരിഗണിച്ച് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നിയമപരമായി തീരുമാനമെടുത്തിരിക്കുന്നത്. മഞ്ചേശ്വരം താലൂക്ക് പരിധിയില്‍പ്പെട്ട മംഗലാപുരം ബിഷപ്പിന്റെ ഉടമസ്ഥതയില്‍ ഉള്‍പ്പെട്ടിരുന്ന കുഞ്ചത്തൂര്‍, ഉദ്യാവര്‍, പാവൂര്‍, ഹൊസബെട്ടു, കയ്യാര്‍, കൂടല്‍ മെര്‍ക്കള , പൈവളികെ ,ഷേണി, ചിപ്പാര്‍ എന്നീ വില്ലേജുകളിലെയും കാസര്‍കോട് താലൂക്കിലെ ബേള വില്ലേജിലെയും വസ്തുവിന്‍ മേല്‍ ലാന്‍ഡ് ബോര്‍ഡില്‍ മിച്ച ഭൂമി കേസ് നിലവിലുണ്ടായിരുന്നു. ഇതില്‍ പാവൂര്‍, കുഞ്ചത്തൂര്‍ ,ഉദ്യാവര്‍ വില്ലേജുകളിലായി കിടക്കുന്ന 308ഏക്കര്‍ ഭൂമി 1912ല്‍ സൗത്ത് കാനറാജില്ല കളക്ടര്‍ മംഗലാപുരം ബിഷപ്പിന് പട്ടികവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി പതിച്ചു നല്‍കിയതായിരുന്നു.
ഈ സ്ഥലത്ത് വര്‍ഷങ്ങളായി 142 കുടുംബങ്ങള്‍ കൃഷി ചെയ്തു സ്ഥലം കൈവശം വെച്ച് താമസിച്ചുവന്നിരുന്നു. എന്നാല്‍ അവര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ 2025 ഫെബ്രുവരി 14 വിധിപ്രകാരം ഉദ്യാവര്‍ കുഞ്ചത്തൂര്‍ വില്ലേജുകളിലായി 159.56 ഏക്കര്‍ ഭൂമി 142 കുടുംബങ്ങളുടെ കൈവശത്തിലാണ് എന്ന് കണ്ടെത്തി . അവയെ മിച്ച ഭൂമി പരിധിയില്‍ നിന്ന് ഒഴിവാക്കി ലാന്‍ഡ് ബോര്‍ഡ് വിധി പ്രസ്താവിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 142 കുടുംബങ്ങള്‍ക്ക് ഭൂപരിഷ്‌കരണ നിയമപ്രകാരം ക്രയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു കിട്ടുന്നതിന് സാധ്യത തെളിഞ്ഞു എസ് എം ഫയല്‍ പെട്ടെന്ന് ചെയ്തുതീര്‍ക്കുന്നതിന് പുറക്കാട് കുഞ്ചത്തൂര്‍ വില്ലേജ് ഓഫീസര്‍മാരെ സഹായിക്കുന്നതിന് കാട്ടു കുക്കെ, ഷേണി വില്ലേജ് ഓഫീസര്‍മാരെ സ്‌പെഷ്യല്‍ ടീമായി ജില്ലാ കളക്ടര്‍ നിയമിച്ചു.
വില്ലേജ് ഓഫീസര്‍മാരായ ബി.അജിത് കുമാര്‍, എം.കെ ലോകേഷ എന്നിവരെയാണ് സ്‌പെഷ്യല്‍ ടീമായി നിയമിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ടീം മുഴുവന്‍ കൈവശങ്ങളും പരിശോധിച്ചു ഫയല്‍ തയ്യാറാക്കുന്നതിന് കുഞ്ചത്തൂര്‍ വൊര്‍ക്കാടി വില്ലേജ് ഓഫീസര്‍മാര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കി. ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് വന്ന് ഒരു മാസത്തിനകം മുഴുവന്‍ എസ്എം ഫയലുകളും തയ്യാറാക്കി കാസര്‍കോട് ലാന്‍ഡ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചു. നിലവില്‍ കാസര്‍കോട് ലാന്‍ഡ് ട്രിബൂനലിന്റെ പ്രവര്‍ത്തനപരിധി ജില്ല മുഴുവനാണ്. മഞ്ചേശ്വരം, കാസര്‍കോട് താലൂക്ക് പരിധിയില്‍ വരുന്ന കേസുകള്‍ കാസര്‍കോട് ഓഫീസിലും ഹോസ്ദുര്‍ഗ്ഗ് വെള്ളരിക്കുണ്ട് താലൂക്ക് പരിധികളില്‍ വരുന്ന കേസുകള്‍ ഹോസ്ദുര്‍ഗ്ഗ്ക്യാമ്പ് ഓഫീസിലും ആണ് വിചാരണ ചെയ്യുന്നത.്
എന്നാല്‍ വിഭാഗത്തില്‍ പെടുന്നവരുടെ 142 ഫയലുകള്‍ ഒരു പ്രദേശത്തുള്ളവയായതിനാല്‍ കാസര്‍കോട് ഓഫീസില്‍ നിന്നും 40 കിലോമീറ്റര്‍ കൂടുതല്‍ ദൂരത്ത് സ്ഥിതി ചെയ്യുന്നതിനാലും ഈ ഫയലുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ കൈവശ കുടിയാന്മാരും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ ആയതിനാലും ഈ അപേക്ഷകര്‍ വിചാരണയ്ക്ക് കാസര്‍കോട് ഓഫീസിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് എല്ലാ കേസുകളും വിചാരണ പാവൂര്‍ ചര്‍ച്ച് ഹാളില്‍ നടത്തുന്നതിന് തീരുമാനിച്ചതായി കാസര്‍കോട് ലാന്‍ഡ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ ഉദയകുമാര്‍ അറിയിച്ചു. കേസുകളുടെ വിചാരണയ്ക്ക് ചര്‍ച്ച് വിട്ടു നല്‍കുന്നതിന് ചര്‍ച്ച് അധികാരികള്‍ ഉദാര സമീപനമാണ് സ്വീകരിച്ചത്. ഈ കേസുകളുടെ ആദ്യ വിചാരണ മാര്‍ച്ച് 18ന് രാവിലെ 11ന് നടക്കും. വിചാരണ ഈ മാസം തന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടന്നുവരുന്നതായി തഹസില്‍ദാര്‍ അറിയിച്ചു വിചാരണ പൂര്‍ത്തിയായി അനുകൂല വിധി ഉണ്ടാകുന്ന മുറയ്ക്ക് കൊറഗ വിഭാഗത്തില്‍പ്പെടുന്ന 142 കുടുംബങ്ങള്‍ കൈവശം ഭൂമിയുടെ ഉടമസ്ഥരാകും.
- Log in to post comments