Skip to main content

ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചവറ, പുനലൂര്‍, പാരിപ്പള്ളി, കാരുവേലില്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് കാലാവസ്ഥാമാപിനികളില്‍ മാര്‍ച്ച് മാസത്തില്‍ മിക്ക ദിവസങ്ങളിലും 37 ഡിഗ്രിയിലധികം ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൊട്ടാരക്കരയില്‍ സ്ഥാപിച്ച ഐ ഓ ടി അധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തില്‍ പ്രദേശത്തെ അള്‍ട്രാ വയലറ്റ് സൂചിക   മിക്ക ദിവസങ്ങളിലും 8 - 10 പരിധിയിലാണുള്ളത്.  വ്യാഴാഴ്ച സൂചിക 10 ആണ് രേഖപ്പെടുത്തിയത്. അള്‍ട്രാവയലറ്റ് സൂചിക 6 മുതല്‍ 7 വരെയാണെങ്കില്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ട സാഹചര്യവും, 8 മുതല്‍ 10 വരെ അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യവും 11 മുകളില്‍ ആയാല്‍ ഏറ്റവും ഗുരുതര സാഹചര്യവും ആയാണ് പരിഗണിക്കുന്നത്.  സൂചിക കൊട്ടാരക്കരയില്‍ മാത്രമാണ് നിലവില്‍ ലഭ്യമെങ്കിലും ജില്ലയുടെ എല്ലാ ഭാഗത്തും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
രാവിലെ 10 മുതല്‍  വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഏതെങ്കിലും തരത്തില്‍  അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
ചൂട് ഉയരുന്നതിനൊപ്പം തന്നെ തോട്ടങ്ങള്‍, വനങ്ങള്‍, വയലുകള്‍, പുല്ലുനിറഞ്ഞ പറമ്പുകള്‍ തുടങ്ങിയ തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന തീപ്പിടുത്ത സംഭവങ്ങളും ജില്ലയില്‍ കൂടിയിട്ടുണ്ട്.
 പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിര്‍ജലീകരണം  തടയുന്നതിനായി കൃത്യമായ ഇടവേളകളില്‍ ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് ശീലമാക്കുക. ജോലിക്കായും മറ്റാവശ്യങ്ങള്‍ക്കായും വീടിന് പുറത്ത് പോകുന്നവര്‍ കയ്യില്‍ കുപ്പിവെള്ളം കരുതുക. നിര്‍ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ തുടങ്ങിയവ ചൂടത്ത് ഒഴിവാക്കുക. പഴച്ചാറുകള്‍, സംഭാരം, ഓ ആര്‍ എസ്  ലായനി തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക.
പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ധരിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. കൈ ഉള്‍പ്പെടെ പൂര്‍ണ്ണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും   ക്ലാസ്മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം.   പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം ഏര്‍പ്പെടുത്തുകയോ വേണം.  യൂണിഫോമിന്റെ ഭാഗമായുള്ള ടൈ, സോക്‌സ് എന്നിവയില്‍ ഇളവ് അനുവദിക്കുക.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിട, റോഡ് നിര്‍മ്മാണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ട്രാഫിക് പോലീസുകാര്‍, പോസ്റ്റുമാന്‍മാര്‍, ലൈന്‍മാന്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇ കോമേഴ്‌സ് പാര്‍സല്‍  വിതരണക്കാര്‍, കളക്ഷന്‍ ഏജന്റുമാര്‍, സെയില്‍സ്/ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി പുറം ജോലികളില്‍ ഏര്‍പ്പെടുന്ന എല്ലാവരും  നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കണം.
 കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കാന്‍ ശ്രമിക്കുക. തുറസ്സായ സ്ഥലങ്ങളിലെ പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ പകല്‍ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും ഒഴിവാക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍, തോട്ടങ്ങള്‍, പുല്ലുനിറഞ്ഞ തുറസ്സായ സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുക. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ജനങ്ങള്‍ കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണം.
 (പി.ആര്‍.കെ നമ്പര്‍ 714/2025)

date