Skip to main content

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍: ജില്ലാതല നിര്‍വഹണോദ്ഘാടനം നവംബര്‍ ഒന്നിന്

 

       പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ തയ്യാറാക്കിയ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ അതിന്റെ നിര്‍വഹണ ഘട്ടത്തിലേക്കു കടക്കുന്നു. സമഗ്രമായ വികാസം ലക്ഷ്യമിട്ട് ജില്ലയിലെ പൊതുവിദ്യാലയങ്ങളാണ് കഴിഞ്ഞ അക്കാദമിക വര്‍ഷം അക്കാദമിക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്. അധ്യാപക രക്ഷാകര്‍തൃ സമിതി, വിദ്യാലയ വികസനസമിതി പൂര്‍വ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പ്രാദേശിക ജനസമൂഹം, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഓരോ വിദ്യാലയവും കേന്ദ്രീകരിച്ച് നടത്തിയ കൂട്ടായ ചര്‍ച്ചയിലൂടെയാണ് ഇവ രൂപപ്പെട്ടത്. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഏപ്രില്‍ രണ്ടിന് അതിന്റെ  പ്രകാശനവും നടത്തി. വരുന്ന അഞ്ച് വര്‍ഷത്തെ മുന്നില്‍ കണ്ടുകൊണ്ട് അക്കാദമിക മികവിന് ഊന്നല്‍ നല്‍കിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 

     അക്കാദമിക മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള ഏതെങ്കിലും അഞ്ച് പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം വിദ്യാലയങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കും. മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കിയുള്ള നിര്‍വഹണ പദ്ധതി രൂപപ്പെടുത്തുന്നതിനുള്ള പരിശീലനം സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ നടന്നുകഴിഞ്ഞു. ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്ഥാപന മേധാവികള്‍ ഇതില്‍ പങ്കെടുത്തു. ഒക്ടോബര്‍ 31-നു മുമ്പ് ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും നിര്‍വ ഹണ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനോദ്ഘാടനം നടത്തും. ഇതിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് തിരുവല്ല ബി.ആര്‍.സിയുടെ കീഴിലുള്ള തിരുമൂലവിലാസം യു.പി സ്‌കൂളില്‍ ജലവിഭവവകുപ്പു മന്ത്രി മാത്യു.ടി.തോമസ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും. തൊട്ടടുത്ത വിദ്യാലയങ്ങളുടെ നിര്‍വഹണ പദ്ധതികളുടെ പ്രകാശനവും തദവസരത്തില്‍ നടത്തും.

      2019 മാര്‍ച്ച്  മാസത്തിനു മുമ്പ് ഓരോ വിദ്യാലയവും ചുരുങ്ങിയത് അഞ്ച് പ്രവര്‍ത്തന പദ്ധതികളെങ്കിലും നടപ്പാക്കി ഇതിലൂടെ സ്‌കൂളിനുണ്ടായ അക്കാദമിക നേട്ടങ്ങള്‍ പ്രാദേശിക സമൂഹവുമായി പങ്കുവയ്ക്കും. പുതിയ പ്രവര്‍ത്തന മാതൃകകള്‍ അക്കാദമിക സമൂഹം ചര്‍ച്ച ചെയ്ത് അത് മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കും. 

     തിരുവല്ല നഗരസഭാധ്യക്ഷന്‍ ചെറിയാന്‍ പോളച്ചിറക്കല്‍, ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ എസ്.വി. സുബിന്‍, സാം ഈപ്പന്‍, നഗരസഭാ കൗണ്‍സിലര്‍ നാന്‍സി തോമസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപി, സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി.ലീലാകൃഷ്ണന്‍ നായര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ്,  തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ.പത്മകുമാരി, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജി.ഉഷ., തിരുവല്ല എ.ഇ.ഒ പി.ആര്‍.പ്രസീന, സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി.ജയലക്ഷ്മി, ബി.പി.ഒ ആര്‍.രാഗേഷ്, സ്‌കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ സൂസമ്മ മാത്യൂസ് എന്നിവര്‍ സംസാരിക്കും.                    (പിഎന്‍പി 3520/18)

date