കേരള പുരസ്കാരങ്ങൾ 17 ന് വിതരണം ചെയ്യും
സംസ്ഥാനത്തിന്റെ പരമോന്നത പുരസ്കാരങ്ങളായ കേരള പുരസ്കാരങ്ങൾ മാർച്ച് 17 ന് വൈകിട്ട് 5 മണിക്ക് രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ വിതരണം ചെയ്യും. സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് വിവിധ മേഖലയിലെ വിശിഷ്ട വ്യക്തികൾക്കായി സംസ്ഥാന സർക്കാർ പരുസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് 2024 ലെ കേരള പുരസ്കാരങ്ങൾ നൽകുക. കേരള ജ്യോതി പുരസ്കാരത്തിന് എം കെ സാനുവാണ് (സാഹിത്യം) അർഹനായിരിക്കുന്നത്. എസ് സോമനാഥിനും (സയൻസ് ആൻഡ് എൻജിനിയറിംഗ്), ഭുവനേശ്വരിക്കും (കൃഷി) കേരള പ്രഭ പുരസ്കാരങ്ങൾ ലഭിക്കും. കലാമണ്ഡലം വിമലാമേനോനും (കല) ഡോ ടി കെ ജയകുമാറിനും (ആരോഗ്യം) നാരായണഭട്ടതിരിക്കും (കലിഗ്രഫി), സഞ്ജു വിശ്വനാഥ് സാംസണും (കായികം), ഷൈജ ബേബിക്കും (സാമൂഹ്യ സേവനം) വി കെ മാത്യൂസിനും (വ്യവസായ-വാണിജ്യം) കേരള ശ്രീ പുരസ്കാരങ്ങൾ ലഭിക്കും.
പി.എൻ.എക്സ് 1158/2025
- Log in to post comments