Skip to main content

മഴക്കാല പൂര്‍വ്വ ശുചീകരണം അടിയന്തരമായി ആരംഭിക്കണം- ജില്ലാ കളക്ടര്‍ തദ്ദേശ സ്ഥാപനങ്ങളുടെ യോഗം ചേര്‍ന്നു

പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗായി മഴക്കാല പൂര്‍വ്വ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്നും ഫലപ്രദമായി നടപ്പിലാക്കണമെന്നും ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍ദ്ദേശിച്ചു.  പറളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ചേര്‍ന്ന മഴക്കാലപൂര്‍വ്വ ശുചീകരണം, ഉഷ്ണ തരംഗം, മാലിന്യമുക്ത നവകേരളം പ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ജില്ലയില്‍ അസാധാരണമായ രീതിയില്‍ ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ പ്രതിരോധിക്കാന്‍ കൃത്യമായ മുന്‍ കരുതലുകള്‍ എടുക്കുകയും ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. ചൂട് മൂലം ജീവഹാനി ഉണ്ടാകാതിരിക്കാന്‍ പൊതുജനങ്ങള്‍ക്ക് കൃത്യമായ അവബോധം നല്‍കണമെന്നും തദ്ദേശ സ്ഥാപന മേധാവികളോട് കളക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം  മാര്‍ച്ച് 30ന് മാലിന്യമുക്ത പ്രഖ്യാപനങ്ങള്‍ നടത്താന്‍ സജ്ജമാകണം. പാതയോരങ്ങള്‍ മനോഹരമായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ വഴിയോരങ്ങളിലെ മാലിന്യകൂനകള്‍ നീക്കം ചെയ്യുന്നതിന് മാര്‍ച്ച് 19 നകം മാസ് ക്ലീനിങ് ഡ്രൈവ് നടത്തണമെന്നും ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ അധ്യക്ഷത വഹിച്ച യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവരും പങ്കെടുത്തു.

date