Skip to main content

തഴക്കരയിൽ ടേബിൾ ടോപ് എക്സർസൈസ് നടത്തി

വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും തഴക്കര പഞ്ചായത്തിൽ മാർച്ച്‌ 21ന് വൈകുന്നേരം 3.30ന് നടക്കുന്ന മോക്ക്ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ് എക്‌സർസൈസ് സംഘടിപ്പിച്ചു. മോക്ക്ഡ്രില്ലിന്റെ ഭാഗമായി തഴക്കര പഞ്ചായത്തിലെ രണ്ടാം വാർഡിൽ പൊറ്റമേൽക്കടവ് പാലത്തിന് സമീപത്തുനിന്നും പ്രളയ ബാധിതരെ ഒഴിപ്പിക്കും. വഴുവാടി വിശ്വകർമ്മ യു പി സ്കൂൾ ആണ് ദുരിതാശ്വാസ ക്യാമ്പായി ഒരുക്കിയിരിക്കുന്നത്. റീ-ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെയും (കില) ആഭിമുഖ്യത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. തഴക്കര ഗ്രാമപഞ്ചായത്ത്‌ ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബാ സതീഷ് അധ്യക്ഷയായി. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ വി ശ്രീകുമാർ, ഹസാർഡ് അനലിസ്റ്റ് സി ചിന്തു, പ്ലാൻ കോർഡിനേറ്റർ രാഹുൽ കുമാർ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

(പിആർ/എഎൽപി/873)

date