Skip to main content

ലഹരിക്കെതിരെ പുതുക്കാട് ജനസഭ സംഘടിപ്പിച്ചു

 

 സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉൾപ്പെടെയുള്ള മാരക വിപത്തുകൾക്കെതിരെ, ബോധവത്കരണവും പ്രതിരോധവും തീർക്കുന്നതിനായി പുതുക്കാട് ജനസഭ സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ജനസഭ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

 

ലഹരിക്കെതിരായി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതിനും സർക്കാരിന്റെ മാർഗ്ഗ നിർദേശങ്ങൾക്ക് അനുസൃതമായി വിപുലമായ തുടർപ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെയും, സംഘടനകളുടെയും സഹകരണത്തോടെ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

മണ്ഡലത്തിൽ വിപുലമായ രീതിയിൽ പ്രവർത്തനങ്ങൾ ജനസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതിന് കെ കെ രാമചന്ദ്രൻ എംഎൽഎ ചെയർമാനും, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ കൺവീനറുമായി 251 അംഗ മണ്ഡലതല ജനറൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 

 

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ്, ജില്ലാ പോലീസ് മേധാവി (റൂറൽ) ബി കൃഷ്ണകുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി സുഭാഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. 

 

പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഇ കെ അനൂപ്, എൻ മനോജ്, കലാപ്രിയ സുരേഷ്, കെ രാജേശ്വരി, സുന്ദരി മോഹൻദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ ശിവരാമൻ, പി കെ ശേഖരൻ, സുധൻ കാരയിൽ, അബ്ദുട്ടി ഹാജി, രാഘവൻ മുളങ്ങാടൻ, ഡേവിസ് വില്ലേടുത്തുകാരൻ, യുവജന സംഘടനാ പ്രതിനിധികളായ കെ എസ് റോസൽ രാജ്, വി എൻ അനീഷ്, പ്രചോദി നികേതൻ പ്രിൻസിപ്പൽ ഡോ. ബിനു പി ചാക്കോ, ലൈബ്രറി കൗൺസിൽ പ്രതിനിധി പി തങ്കം ടീച്ചർ, പിടിഎ പ്രതിനിധി സുനിൽ കൈതവളപ്പിൽ, വിദ്യാർത്ഥി പ്രതിനിധി സൂര്യ തുടങ്ങിയവർ സംസാരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജിനേഷ് പി നന്ദി പറഞ്ഞു.

date