ഔദ്യോഗിക രംഗത്ത് ഭാഷയുടെ ലാളിത്യത്തിന് പ്രാധാന്യം നല്‍കണം: ചിറ്റയം ഗോപകുമാര്‍ എം എല്‍ എ
സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ വേണം ഉദ്യോഗസ്ഥര്‍ ഫയലുകള്‍ എഴുതേണ്ടതെന്നും ഭാഷയുടെ ലളിത വത്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ചിറ്റയം ഗോപകുമാര്‍ എം എല്‍ എ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും ഔദേ്യാഗിക ഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോടതി വ്യവഹാരങ്ങള്‍ മലയാളത്തില്‍ ആക്കേണ്ടതിന്റെ കാലം അതിക്രമിച്ചിരിക്കുന്നു. സാധാരണക്കാരന് അവന്റെ കേസിലുള്ള വിധിയുടെ അര്‍ഥം മനസ്സിലാക്കണമെങ്കില്‍ ദ്വിഭാഷിയുടെ സഹായം ആവശ്യമായി വരുന്നു. ഇത് നീതിയല്ല. മാതൃഭാഷയില്‍ പഠിക്കാതെ ബിരുദം നേടാന്‍ സാധിക്കുന്ന സംസ്ഥാനമായി കേരളം മാറി. ഈ സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്. മലയാള ഭാഷ സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി നിയനിര്‍മാണം നടത്തിയത് ചരിത്രമാണ്. അയല്‍ സംസ്ഥാനങ്ങളിലുള്ളവരുടെ മാതൃഭാഷാ സ്‌നേഹം മലയാളികള്‍ കണ്ടു പഠിക്കേണ്ടതാണ്. മലയാളത്തിനായി ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നവരാണ് ഇന്നത്തെ യുവതലമുറ. അമ്മയെപ്പോലെ സത്യമുള്ളതാണ് അവരവരുടെ മാതൃഭാഷയും. ഇതിന്റെ വളര്‍ച്ചക്കായി നാം ഓരോരുത്തരും പ്രയത്‌നിക്കണമെന്നും എം എല്‍ എ പറഞ്ഞു.
എ ഡി എം പി.റ്റി.എബ്രഹാം അധ്യക്ഷത വഹിച്ചു. മലയാള ഭാഷയുടെ ഉന്നമനത്തിനായി നാം മുന്നിട്ടിറങ്ങണമെന്ന് എ ഡി എം പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം ചെമ്പകത്തില്‍ വായനാദിന സന്ദേശം നല്‍കി. മാതൃഭാഷാ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ യുവതലമുറയെ നാം പ്രാപ്തരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ വി വി മാത്യു വിഷയാവതരണം നടത്തി. രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള മലയാള ഭാഷയുടെ പ്രതാപം വീണ്ടെടുക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ് ദുല്‍ റഷീദ്, ഡെപ്യൂട്ടി കലക് ടര്‍മാരായ പി അജന്തകുമാരി, എസ് ശിവപ്രസാദ്, ഹുസൂര്‍ ശിരസ്തദാര്‍ വില്യം ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്‍.സാബു, ഐ.ടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ഉഷാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
(പിഎന്‍പി 3543/18)
- Log in to post comments