ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, ടൂറിസം മേഖലകൾക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്
#ലഹരി ഉപയോഗം തടയുന്നതിന് പ്രത്യേക ജാഗ്രത#
#ഓപ്പൺ ജിം, ടൂറിസം കോറിഡോർ, കൃത്രിമ അവയവ ഉപകരണ നിർമ്മാണ യൂണിറ്റ് എന്നിവ ബജറ്റിൽ#
പൊതുമരാമത്ത്, പാർപ്പിടം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകിയും പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചും ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പാലിച്ചും ജില്ലാ പഞ്ചായത്ത് 2025 - 26 ലെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. മണ്ണ്, ജല സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, ക്ഷീര വികസനം, മത്സ്യമേഖല, മൃഗസംരക്ഷണം, വനിതാ വികസനം, സാമൂഹ്യ നീതി, ഊർജ്ജ സംരക്ഷണം എന്നീ മേഖലകൾക്ക് പരിഗണന നൽകി തുക വകയിരുത്തിയിട്ടുണ്ട്. 868,87,08,154 കോടിയാണ് ആകെ അടങ്കൽ വരവ്. 866,71,34,274 കോടിയാണ് ആകെ അടങ്കൽ ചെലവ്. 2 കോടി 15 ലക്ഷത്തി എഴുപത്തിമൂവായിരത്തി എണ്ണൂറ്റിഎൺപത്തിമൂന്ന് രൂപ മിച്ചം വരുന്ന ബജറ്റാണ് അവതിപ്പിച്ചിരിക്കുന്നത്.
വൃദ്ധർ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ, വനിതകൾ എന്നിവരുടെ ഉന്നമനത്തിയി നൂതനമായി നിരവധി പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൂറിസത്തിന് അനന്തസാധ്യതയുള്ള ജില്ലയിലെ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ടൂറിസം കോറിഡോറും നടപ്പിലാക്കും. ഈ ഭരണ സമിതി അധികാരത്തിൽ വന്നതിന് ശേഷമുള്ള അഞ്ചാമത്തെയും അവസാനത്തെയും ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗത്തിന് നൽകി 2025-26 വർഷത്തെ വാർഷിക ബജറ്റ് പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം അവതരിപ്പിക്കുന്ന പത്താമത്തെ ബജറ്റാണിത്.
2025-26 സാമ്പത്തിക വർഷത്തെ ഗ്രാമ-ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റേതായി 1,37,33,550 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിന് 79,19,681 ലക്ഷം രൂപയുടെ ലേബർ ബജറ്റും അംഗീകാരത്തിനായി സമർപ്പിച്ചു.
എല്ലാവർക്കും പാർപ്പിടം എന്ന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന് ശക്തിപകരുന്നതിനായി ലൈഫ് പദ്ധതിക്ക് 15 കോടി 77 ലക്ഷം വകയിരുത്തി. പൊതുമരാമത്ത് പ്രവർത്തനങ്ങൾക്കായി 34 കോടി 47 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 70 ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനാണ് പ്രത്യേക ഊന്നൽ നൽകുന്നത്.
ജല സംരക്ഷണത്തിനായി 5 കോടി 10 ലക്ഷം രൂപയും മണ്ണ് പരിശോധനയ്ക്ക് രണ്ട് ലക്ഷം രൂപയും നീക്കിവെച്ചു. മാലിന്യനിർമ്മാർജനത്തിന് 5 കോടി 23 ലക്ഷം രൂപ, മൃഗസംരക്ഷണത്തിന് 4 കോടി 78 ലക്ഷം രൂപ, ക്ഷീര സമൃദ്ധിക്ക് ഒരു കോടി 25 ലക്ഷം രൂപ, ചെറ്റച്ചൽ, വിതുര ഫാമുകൾക്ക് ഫീഡ് ആന്റ് ഫോഡർ വാങ്ങുന്നതിന് 2.18 കോടി രൂപ എന്നിങ്ങനെ ബജറ്റിൽ വകയിരുത്തി.
മത്സ്യമേഖലയ്ക്ക് 93 ലക്ഷം വകയിരുത്തി. ഇതിൽ മത്സ്യവിത്ത് നിക്ഷേപ പദ്ധതി, മത്സ്യസെന്റർ പദ്ധതി എന്നിവ ഉൾപ്പെടും. പ്രാദേശിക സാമ്പത്തിക വികസനത്തിന് 5.40 കോടിയും പരമ്പരാഗത കൈത്തൊഴിൽ ചെയ്യുന്ന വനിതകൾക്ക് 3 കോടിയും നൽകും. കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന പുതുതലമുറ പരീക്ഷണ തൊഴിൽശാലയായ ഫ്രീഡം സ്ക്വയർ പദ്ധതിക്ക് 15 ലക്ഷം അനുവദിച്ചു.
പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിന് 4.77 കോടി രൂപയും വനിതാ വികസന പ്രവർത്തനങ്ങൾക്കായി 6.40 കോടിയും സാമൂഹ്യനീതിക്കായി 4.55 കോടിയും ഊർജ്ജ സംരക്ഷണത്തിന് ഒരു കോടിയും വകയിരുത്തി. ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലും ഓപ്പൺ ജിം തുടങ്ങുന്നതിനും ബജറ്റ് വിഭാവനം ചെയ്യുന്നു.
കാര്‍ഷിക മേഖലയ്ക്ക് 3 കോടി 53 ലക്ഷം
കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 3 കോടി 53 ലക്ഷം രൂപ വകയിരുത്തി. കേദാരം സമഗ്ര നെല്‍കൃഷി വികസനത്തിനും 1059 ഹെക്ടര്‍ നെല്‍കൃഷി ചെയ്യുന്ന കര്‍ഷകന് സബ്‌സിഡി അനുവദിക്കുന്നതിനായും ഒരു കോടി രൂപ വീതം ബജറ്റില്‍ നീക്കിവെച്ചു. ചെറ്റച്ചല്‍ ജഴ്‌സിഫാമിന്റെ വിവിധ പദ്ധതികള്‍ക്കായി ഈ ബജറ്റില്‍ ഒരു കോടി 85 ലക്ഷം രൂപയും പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിന്റെ വിവിധ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും അനുവദിച്ചു.
ചിറയിന്‍കീഴ് വിത്തുല്പാദന കേന്ദ്രം (15 ലക്ഷം), കഴക്കൂട്ടം തെങ്ങിന്‍തൈ ഉല്പാദന കേന്ദ്രം (14 ലക്ഷം), ഉള്ളൂര്‍ വിത്തുല്പാദന കേന്ദ്രം (9 ലക്ഷം), ഫാം ഫെസ്റ്റ് (10 ലക്ഷം) എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. കാര്‍ഷിക, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ സംഭരണത്തിനും വിപണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി 10 ലക്ഷം, സഹകരണ കൃഷിക്ക് 10 ലക്ഷം, ജില്ലാ ലേബര്‍ ബജറ്റിന് 10 ലക്ഷം, ജനകീയ പങ്കാളിത്ത നെല്‍കൃഷിക്ക് 10 ലക്ഷം, പ്രിസിഷന്‍ ഫാമിങ്ങിന് 10 ലക്ഷം, ഫാം ടൂറിസത്തിന്റെ ഭാഗമായി പെരിങ്ങമ്മല ഫാം ബ്യൂട്ടിഫിക്കേഷനു വേണ്ടി 10 ലക്ഷം എന്നിവയും വകയിരുത്തി.
ആരോഗ്യം എന്ന സമ്പത്ത്
ആരോഗ്യമേഖലയ്ക്കായി 7 കോടി 80 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സ്‌നേഹസ്പര്‍ശം പദ്ധതിക്ക് 3 കോടി 18 ലക്ഷം രൂപയും സ്‌നേഹധാര പദ്ധതിക്കായി 70 ലക്ഷം, ആശ്വാസ് പദ്ധതിക്ക് ഒരു കോടി 26 ലക്ഷം, ആയൂര്‍സാന്ത്വനത്തിന് 75 ലക്ഷം, കമ്മ്യൂണിറ്റി ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന് 50 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എല്ലാ ജില്ലാ ആശുപത്രികളെയും മാതൃകാ പരിചരണ കേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിക്കായി ഒരു കോടി 41 ലക്ഷം രൂപയും വകയിരുത്തി.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഭിന്നശേഷിക്കാരായ രോഗികള്‍ക്ക് കൃത്രിമ അവയവ ഉപകരണ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 17 ലക്ഷം നീക്കിവെച്ചു. പട്ടം താണിപിള്ള ഹോമിയോ ആശുപത്രി (63 ലക്ഷം), വര്‍ക്കല ആയുര്‍വേദ ആശുപത്രി (84 ലക്ഷം), നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി (2 കോടി 10 ലക്ഷം), പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി (ഒരു കോടി 44 ലക്ഷം), നെടുമങ്ങാട് ജില്ലാ ആശുപത്രി (2 കോടി 37 ലക്ഷം), വിതുര താലൂക്ക് ആശുപത്രി (52 ലക്ഷം) എന്നിങ്ങനെയാണ് ആശുപത്രികളുടെ വികസനത്തിന് വകയിരുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ സമഗ്ര വികസനം
വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി 5 കോടി 86 ലക്ഷം അനുവദിച്ചു. വിദ്യാജ്യോതിക്ക് 27 ലക്ഷം, ഗോടെക് പദ്ധതിക്ക് 25 ലക്ഷം, ഗ്രന്ഥപ്പുര പദ്ധതിക്ക് ഒരു കോടി 16 ലക്ഷം, പ്രതിഭാ സംഗമത്തിന് 30 ലക്ഷം, പ്രഭാത ഭക്ഷണം പദ്ധതിക്ക് 3 കോടി 40 ലക്ഷം, പുസ്തകോത്സവത്തിന് 20 ലക്ഷം എന്നിങ്ങനെ വകയിരുത്തി. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിൽ മാത്സ് ലാബുകൾ സ്ഥാപിക്കും. സബ് ജില്ലാ അടിസ്ഥാനത്തിൽ ജി.കെ ചലഞ്ച് ക്വിസ് മത്സരം നടത്തും.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിജയകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments