വിദ്യാലയങ്ങളുടെ സമഗ്ര വികസനം അക്കാദമിക മാസ്റ്റര്‍ പ്ലാനുകളിലൂടെ സാധ്യമാകും - മന്ത്രി മാത്യു ടി.തോമസ്
മാനവിക മൂല്യങ്ങള്‍ വികസിപ്പിക്കുന്നതിനും വിദ്യാലയങ്ങളുടെ സമഗ്ര വികാസം സാധ്യമാക്കുന്നതിനും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിലൂടെ കഴിയുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ തയ്യാറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാനുകളുടെ നിര്‍വഹണ ത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല തിരുമൂലവിലാസം യു.പി. സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ വിദ്യാലയത്തിലും പ്രാദേശിക വിഷയങ്ങള്‍ സമന്വയിപ്പിച്ച് തയ്യാറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ വിഷയങ്ങളിലെ പ്രാവീണ്യം വര്‍ധിപ്പിക്കും. അര്‍ഥവത്തായ വിദ്യാഭ്യാസമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. യുക്തിഭദ്രമായി സമൂഹത്തിലെ ഓരോ വിഷയങ്ങളെയും വിശകലനം ചെയ്യുവാനുള്ള കരുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതാകും അക്കാദമിക മാസ്റ്റര്‍ പ്ലാനുകളുടെ നിര്‍വഹണം എന്നും മന്ത്രി പറഞ്ഞു. ഓരോ വിദ്യാലയവും അഞ്ച് പ്രവര്‍ത്തനങ്ങളെങ്കിലും ഈ അക്കാദമിക വര്‍ഷം ഏറ്റെടുത്ത് പൂര്‍ത്തിയാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും അക്കാാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു. തിരുമൂലപുരം തിരുമൂലവിലാസം യു.പി. സ്‌കൂള്‍, തിരുമൂലപുരം എസ്.എന്‍.വി.എസ്.എച്ച്.എസ്., ബാലികാമഠം എച്ച്.എസ്.എസ്., ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്.എസ്.എസ്. എന്നീ വിദ്യാലയങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതിയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ എസ്.വി. സുബിന്‍, സാം ഈപ്പന്‍, തിരുവല്ല നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ നാന്‍സി തോമസ്, സമഗ്രശിക്ഷ ജില്ല പ്രൊജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപി, ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി. ലീലാകൃഷ്ണന്‍ നായര്‍, സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി. ജയലക്ഷ്മി, തിരുവല്ല ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആര്‍ രാഗേഷ്, തിരുമൂലവിലാസം യു.പി.സ്‌കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ സൂസമ്മ മാത്യൂസ്, തിരുമൂലപുരം എസ്.എന്‍.വി.എസ്.എച്ച്.എസ്. പ്രഥമാധ്യാപിക ഡി.സന്ധ്യ, ബാലികാമഠം എച്ച്.എസ്.എസ്. പ്രഥമാധ്യാപിക സാറാമ്മ ഉമ്മന്‍, ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്.എസ്.എസ് പ്രഥമാധ്യാപകന്‍ കെ.സി. എബ്രഹാം, തിരുമൂലവിലാസം യു പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി.ബി. ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു.
(പിഎന്‍പി 3546/18)
- Log in to post comments