ജില്ലാ പഞ്ചായത്ത് ബജറ്റ്: ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി
ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നു. ഇതിനായി ആദ്യ ഘട്ടം എന്ന നിലയിൽ 15 ലക്ഷം രൂപ വകയിരുത്തി. ലഹരിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച പോസ്റ്ററുകൾ, വീഡിയോകൾ എന്നിവ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികൾക്കാണ് തുക അനുവദിച്ചത്. ലഹരി വിമോചന പ്രവർത്തനങ്ങൾക്കായി സമഗ്രമായ പദ്ധതി ആവിഷ്ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ പറഞ്ഞു.
ലഹരി മുക്ത നവകേരളം സാക്ഷാത്കരിക്കാൻ വിമുക്തി മിഷന്റെ സഹായത്തോടെ കലാ-സാംസ്കാരിക-കായിക രംഗത്തുള്ളവരെ ഉൾപ്പെടുത്തി ജില്ലയിൽ വ്യാപകമായ പ്രവർത്തനങ്ങളായിരിക്കും ജില്ലാ പഞ്ചായത്ത് നടത്തുക. ഇതിനായി കുടുംബശ്രീ, ലഹരി വിരുദ്ധ ക്ലബുകൾ, വിദ്യാർത്ഥി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ജാഗ്രതാ സമിതികൾ എന്നിവയുമായി കൈകോർത്ത് പ്രവർത്തിക്കും.
കുട്ടികൾക്കും വനിതകൾക്കും ലഹരിക്കെതിരെയുള്ള അവബോധം നൽകുന്നതിനുള്ള കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററുകളായി അങ്കൻവാടികളെ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. കുട്ടികളുടെ കായിക മികവ് വളർത്തുക, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളുകളിൽ ഹെൽത്ത് കിഡ്സ് എന്ന ആശയം രൂപപ്പെടുത്തുന്നതിനും ബജറ്റ് വിഭാവനം ചെയ്യുന്നു.
- Log in to post comments