കുടിവെള്ളത്തിന്റെ ബാങ്കുകളായ കുളങ്ങളെ സംരക്ഷിക്കേണ്ട കടമ നമുക്കുണ്ട് : മന്ത്രി പി പ്രസാദ്
#നവീകരിച്ച പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കുളത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
കുടിവെള്ളത്തിന്റെ സ്രോതസ്സുകളായ കുളങ്ങളെയും തോടുകളെയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. നവീകരിച്ച പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളത്തിന്റെ ബാങ്കാണ് നമ്മുടെ കുളങ്ങൾ. കുളങ്ങളും നെൽവയലുകളും ഭൂഗർഭ ജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്. ഒരേക്കർ നെൽവയൽ വർഷത്തിൽ 5 കോടി ലിറ്റർ ജലം സംഭരിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിലെ കുളങ്ങളും വയലുകളും മാത്രം മതിയായിരുന്നു ജനങ്ങൾക്ക് കുടിവെള്ളം കൊടുക്കാൻ.
എന്നാൽ ഇപ്പോൾ കുളങ്ങൾ മാലിന്യം തള്ളാനുള്ള സ്ഥലമായി മാറി. വലിയൊരു കുപ്പത്തൊട്ടിയായി കുളങ്ങൾ മാറുന്ന സങ്കടകരമായ കാഴ്ചയാണ് കാണുന്നത്. വർഷങ്ങളായി കാടുപിടിച്ച് വൃത്തിഹീനമായി കിടന്ന ഈ കുളത്തിന്റെ അവസ്ഥയ്ക്ക് കാരണക്കാർ സവിശേഷ ബുദ്ധി ഉണ്ടെന്ന് പറയുന്ന മനുഷ്യർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സഹസ്ര സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പേരൂർ ശ്രീകൃഷ്ണ ക്ഷേത്രകുളത്തിൻ്റെ നവീകരണ പ്രവർത്തികൾക്കായി സ്റ്റേറ്റ് ആനുവൽ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയാണ് അനുവദിച്ചത്.
ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ എൽ ഡി സി ചെയർമാൻ പി സത്യനേശൻ, തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവർ പങ്കെടുത്തു.
- Log in to post comments