Skip to main content

മീസില്‍സ് -റുബെല്ല പ്രതിരോധ ദൗത്യം:  വാക്‌സിനേഷനില്‍ നിന്നും മുഖം തിരിക്കുന്ന  രക്ഷിതാക്കള്‍ക്ക് ജില്ലാ കളക്ടറുടെ കത്ത്

 

കൊച്ചി: മീസില്‍സ് റുബെല്ല പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ പ്രതിരോധ കുത്തിവയ്പ് നല്കാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ജില്ലാ കളക്ടറുടെ കത്ത്. 

വരുംതലമുറയെ ഗുരുതരമായി ബാധിക്കുന്ന മീസില്‍സ് റുബെല്ല എന്നീ രോഗങ്ങളെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനുള്ള അവസരമാണിത്  എന്ന് ഓര്‍മപ്പെടുത്തുന്നതാണ് കത്ത്. സമൂഹത്തിലെ ഭൂരിഭാഗം കുട്ടികളും എടുക്കുകയാണെങ്കില്‍ മാത്രമെ ഈ ലക്ഷ്യം നേടാനാവു എന്നും കത്തില്‍ പറയുന്നു. സ്വന്തം കുട്ടിക്ക് പ്രതിരോധ കുത്തിവയ്പ് നല്‌കേണ്ട എന്ന തീരുമാനം പ്രതികൂലമായി ബാധിക്കുന്നത് മറ്റൊരു കുട്ടിയെയും അവരുടെ കുടുംബത്തെയും ആവാം. സംശയങ്ങള്‍, തെറ്റിദ്ധാരണകള്‍, ഊഹാപോഹങ്ങള്‍ എന്നിങ്ങനെ പ്രതിരോധ കുത്തിവയ്പ് നല്കാതിരിക്കാനുള്ള കാരണങ്ങള്‍ എന്തുമാകാം. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സംശയങ്ങള്‍ നിവാരണം ചെയ്യും. അതിനാല്‍ തുറന്ന മനസ്സോടെ അവരെ സമിപിച്ച് കാരണങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യണമെന്നും കുത്തിവയ്പ് എടുക്കണമെന്നും ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള കത്തില്‍ പറയുന്നു. 

സ്‌കൂളുകളില്‍ നിന്നും പ്രതിരോധകുത്തിവയ്പ് എടുക്കാത്ത കുട്ടികളുടെ വിവരം ശേഖരിച്ച ശേഷം കുട്ടികള്‍ വഴിയാണ് രക്ഷിതാക്കള്‍ക്ക് കളക്ടര്‍ കത്ത് നല്കുക. ജില്ലയില്‍ ഇതുവരെ 89% കുട്ടികള്‍ക്കാണ് പ്രതിരോധകുത്തിവയ്പ് നല്കിയിട്ടുള്ളത്. 

date