Skip to main content

ചാലക്കുടിയിൽ പുലിയെ കണ്ട സംഭവം: നഗരസഭ കൗൺസിൽ അടിയന്തര യോഗം ചേർന്നു

ചാലക്കുടി ജനവാസമേഖലയിൽ വീടിനോട് ചേർന്ന് രാത്രി സിസിടിവി യിൽ പുലിയെ കണ്ട സാഹചര്യത്തിൽ
ജനങ്ങൾ ഏറെ പരിഭ്രാന്തരായിരിക്കുകയാണെന്നും എത്രയും  പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്നും, അടിയന്തര നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവന് ഭീഷണിയായി ജനവാസ മേഖലയിൽ എത്തിയ മൃഗത്തെ കണ്ടെത്താൻ വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്നും, ഇത്തരം പ്രത്യേക സാഹചര്യത്തിൽ അടിയന്തരമായി വനം വകുപ്പ് വേണ്ട തീരുമാനങ്ങൾ എടുക്കണമെന്നും  സനീഷ്‌കുമാർ ജോസഫ് എം എൽ എ പറഞ്ഞു.
പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള അടിയന്തര കാര്യങ്ങൾക്ക്
നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ചാലക്കുടി വനം ഡിവിഷൻ ഡിഎഫ്ഒ എം വെങ്കടേശ്വരൻ അറിയിച്ചു.

നഗരസഭ പ്രദേശത്തെ മുഴുവൻ വാർഡുകളിലും,
അതത് സ്ഥലത്തെ എല്ലാ സിസി ടിവികളും പരിശോധിക്കാനും ആർആർടി ടീമിനെ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്കായി നിയമിക്കാനും യോഗം തീരുമാനിച്ചു.

സനീഷ്‌കുമാർ ജോസഫ് എം എൽ എ,  ചാലക്കുടി വനം ഡിവിഷൻ ഡിഎഫ്ഒ എം വെങ്കടേശ്വരൻ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സി ശ്രീദേവി,
പോലീസ് സബ്ബ് ഇൻസ്പെക്ടർ സിജുമോൻ, കൗൺസിലർമാരായ ബിജു എസ് ചിറയത്ത്, എം എം അനിൽകുമാർ, എബി ജോർജ്ജ്, സി എസ് സുരേഷ്, വി ജെ ജോജി, ടി ഡി എലിസബത്ത്, ജോർജ്ജ് തോമാസ്, ആലീസ് ഷിബു, വൽസൻ ചമ്പക്കര, സിന്ധു ലോജു , നിത പോൾ, സൂസി സുനിൽ,
സുധ ഭാസ്കരൻ, കെ എസ് സുനോജ്, എന്നിവർ സംസാരിച്ചു.

date