കാര്‍ഷിക, ആരോഗ്യ, മത്സ്യമേഖലകള്‍ക്ക് ഊന്നല്‍നല്‍കി ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
കാര്‍ഷിക, ആരോഗ്യ, മത്സ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 ബജറ്റ്. 62,62,08,084 രൂപ വരവും 62,36,27,913 രൂപ ചെലവും 25,80,171 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് സോഫിയ സലാം അവതരിപ്പിച്ചത്.
കാര്‍ഷിക മേഖലയില്‍, വിഷരഹിത ഉല്‍പന്നങ്ങളുടെ സ്വയംപര്യാപ്തതക്കും ഹരിതകേരള മിഷന്റെ പ്രവര്‍ത്തനത്തിനും 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷീരമേഖലയില്‍ പാലിന് സബ്സിഡി, കാലിത്തീറ്റ സബ്സിഡി, ക്ഷീരസുഭിക്ഷം തുടങ്ങിയ പദ്ധതികള്‍ക്കും തുക നീക്കിവെച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ താലൂക്ക് ആശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് 1.53 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളില്‍ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, എ.ബി.സി പദ്ധതി, എഫ്.എസ്.ടി.പി സ്ഥാപിക്കല്‍ എന്നിവയും ബജറ്റില്‍ ഇടംപിടിച്ചു. യുവ കലാകാര•ാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ്, ഗ്രന്ഥശാലകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കല്‍, സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കായി 36 ലക്ഷം വകയിരുത്തി. ചെറുകിട വ്യവസായ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും ഉന്നമനത്തിനുള്ള പദ്ധതികളും മുന്നോട്ടുവെച്ചിട്ടുണ്ട്. പട്ടികജാതി ക്ഷേമത്തിന് 85 ലക്ഷവും അതിദാരിദ്ര്യ ഗുണഭോക്താക്കള്‍ക്ക് രണ്ട് ലക്ഷവും വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ പ്രസന്നന്‍ ഉണ്ണിത്താന്‍, എസ്. പ്രേംശങ്കര്‍, സിന്ധു, തങ്കച്ചി പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments