വര്‍ണശബളം ഈ നെല്‍ച്ചെടികള്‍ ജപ്പാന്‍ വയലറ്റ് കൃഷിയിറക്കി മാവര പാടശേഖര സമിതി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടശേഖരത്തില്‍ വളരുന്നത് വര്‍ണശബളമായ നെല്‍ച്ചെടികള്‍. ഗുണമേന്മയുള്ള നെല്ലിനം കര്‍ഷകര്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചായത്ത് ആദ്യമായാണ് 'ജപ്പാന്‍ വയലറ്റ്' കൃഷിയിറക്കിയത്. 2024- 25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവനില്‍ നിന്നും സൗജന്യമായി 20 കിലോ വിത്തുകള്‍ നല്‍കി.
മാവര പാടശേഖര സമിതിയുടെ അര ഏക്കറില്‍ ബിന്ദു എന്ന കര്‍ഷകയുടെ നേതൃത്വത്തിലാണ് കൃഷി. ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവയാണ് ഉപയോഗിക്കുന്നത്. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിലുള്ള വളര്‍ച്ച ജപ്പാന്‍ വയലറ്റിനുണ്ട്. വിളവെടുപ്പിന് 110 ദിനം ആവശ്യം. കീടപ്രതിരോധശേഷി കൂടിയ നെല്ലിനത്തിന്റെ ഉത്ഭവം ജപ്പാനിലാണ്.
ഉയര്‍ന്ന ധാതുക്കളുടെ സാന്നിധ്യത്തോടൊപ്പം വിവിധ പോഷകങ്ങളുടെ ഉറവിടം കൂടിയാണ് വയലറ്റ് നെല്ലിനമെന്ന് കൃഷി ഓഫീസര്‍ സി ലാലി സാക്ഷ്യപ്പെടുത്തി. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നം. കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റ്ുകള്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഫൈബര്‍ ചര്‍മത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് ഗുണകരമാണ്. പ്രോട്ടീനും ഇരുമ്പും കൊണ്ട് സമ്പുഷ്ടമായ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നവയാണെന്നും കൃഷി ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന ഈര്‍പ്പമുള്ള പുഞ്ചനിലങ്ങളിലാണ് വളരുന്നത്. മാവര പാടശേഖരം ഉള്‍പ്പെട്ട പെരുമ്പുളിക്കല്‍ പ്രദേശത്ത് ഏകദേശം 15 ഹെക്ടറിലായി ജപ്പാന്‍ വയലറ്റ് കൂടാതെ ഉമ, ഭാഗ്യ നെല്ലിനങ്ങളുമുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ച് 'തട്ട ബ്രാന്‍ഡ്' പേരില്‍ വിപണിയില്‍ എത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പറഞ്ഞു.
- Log in to post comments