Skip to main content

കുടുംബശ്രീ പ്രീമിയം കഫെ ഇനി കാസര്‍ക്കോടും; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് പരിസരത്ത് പ്രവര്‍ത്തനം ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. മുഴുവന്‍ മണ്ഡലങ്ങളിലും പ്രവര്‍ത്തനമാരംഭിക്കുന്ന  കുടുംബശ്രീ പ്രീമിയം കഫെയുടെ ഒമ്പതാമത്തെ ഔട്ട്‌ലെറ്റാണ് കാസര്‍കോട്് മണ്ഡലത്തില്‍ തുറന്നത്.് ഇതില്‍ അതിയായ സന്തോഷമുണ്ടെന്നും നല്ല ഭക്ഷണം ഇഷ്ടമുള്ളവര്‍ കഫെ കുടുംബശ്രീയെ തേടി വരുമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കൈപ്പുണ്യത്തിന്റെ മികവില്‍ രുചിയുടെ ലോകത്ത് വേറിട്ട മാതൃക സൃഷ്ടികുകയാണ് കുടുംബശ്രീ പ്രീമിയം കഫേ. ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫെ രുചിയിലേറെ വൈവിധ്യങ്ങളാണ് ഭക്ഷണ പ്രേമികള്‍ക്കായി ഒരുക്കുന്നത്. മികച്ച പരിശീലനം ലഭിച്ച 15 വനിതകളുടെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ രാത്രി പതിനൊന്ന് വരെയാണ് കഫേയുടെ പ്രവര്‍ത്തനം. ശീതീകരിച്ച റസ്റ്റൊറന്റില്‍ 70 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്. പ്രാദേശികമായ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് കാസര്‍കോടിന്റെ തനത് വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സമൃദ്ധമായ മെനുവാണ് ഒരുക്കിയിരിക്കുന്നത്. രൂപത്തിലും പ്രവര്‍ത്തനത്തിലും കുടുംബശ്രീയുടെ നിലവിലുള്ള കഫേകളില്‍ നിന്ന് മികച്ചതും സൗകര്യമുള്ളതും ആയിരിക്കും പ്രീമിയം കഫെ.

സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പ്രീമിയം കഫേ ശൃംഖല ആദ്യഘട്ടത്തില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ആരംഭിച്ചത്.  സംരംഭകര്‍ക്ക് വരുമാന വര്‍ദ്ധനവ് നേടുന്നതിനൊപ്പം വനിതകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഭക്ഷ്യ ശൃംഖല രൂപീകരിക്കുകയാണ് ലക്ഷ്യം. പരിപാടിയില്‍ കുടുംബശ്രീ  എ.ഡി.എം.സി ഡി.ഹരിദാസ് പദ്ധതി വിശദീകരിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഗീതാ കൃഷ്ണന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.ശകുന്തള, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍  എം.മനു, ഡി.പി.സി മെമ്പര്‍ വി.വി രമേശന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ശ്യാമലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.എന്‍ സരിത, ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ കരീം,ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി.ജെ സജിത്ത്,ഷിനോജ് ചാക്കോ, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍,സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാരായ അനിത ക്രിസ്റ്റ, എ സുമ, എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ഡി.എം.സി കുടുംബശ്രീ ഇന്‍ ചാര്‍ജ് സി.എച്ച് ഇക്ബാല്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ  പ്രോഗ്രാം മാനേജര്‍ കെ.ടി ജിതില്‍ നന്ദിയും പറഞ്ഞു.

date