അറിയിപ്പുകൾ
*കൊച്ചി സ്വിമ്മത്തോണ്‍ അള്‍ട്രാ ഏപ്രില്‍ 21ന്*
ഇന്ത്യന്‍ നദികളിലെ ഏറ്റവും വലിയ നീന്തല്‍ മത്സരമായ, കൊച്ചി സ്വിമ്മത്തോണ്‍ അള്‍ട്രാ, ഏപ്രില്‍ 21 ന് ആലുവ പെരിയാറില്‍ നടക്കും. 700 ലധികം പേര്‍ പങ്കെടുക്കുന്ന സ്വിമ്മത്തോണ്‍, തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗസിലിന്റെയും (ഡിടിപിസി), ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍, സാഹസിക വിനോദ സഞ്ചാരം സംഘടിപ്പിക്കുന്ന സാന്‍ടോസ് കിംഗ് ടൂര്‍ കമ്പനിയും, ടിഡികെ സ്പോര്‍ട്സും കൊച്ചി സ്വിമ്മത്തോണ്‍ അള്‍ട്രാ നടത്തുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നീന്തല്‍ താരങ്ങളെ കൂടാതെ വിദേശീയരും ഇതില്‍ പങ്കെടുക്കും. പ്രായ പരിധി ഇല്ല. ചെന്നൈയില്‍ നിന്നുള്ള 45 ഓട്ടിസം കുട്ടികള്‍ അടങ്ങുന്ന ടീം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇതില്‍ പങ്കെടുക്കുവാന്‍ എത്തുന്നുണ്ട്. സിഡ്നി ഒളിംപ്യനായ നിഷ മില്ലറ്റ് നേതൃത്വം നല്‍കുന്ന ബാംഗ്ലൂര്‍ നിഷ മില്ലറ്റ് സ്വിമ്മിങ് അക്കാദമിയുടെ 40 അംഗ സംഘവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്വിമ്മത്തോണില്‍ ഈവര്‍ഷം പത്തു മൈല്‍ ദൂരം കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ, 10 കി.മി, ആറ് കി.മി, രണ്ട് കി.മി, എന്നിവയും, തുടക്കകാര്‍ക്കായി 400 മീറ്റര്‍ റിവര്‍ ക്രോസിങ്ങും ചേര്‍ത്തിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫിനിഷര്‍ മെഡലും ടൈമിംഗ് സര്‍ട്ടിഫിക്കറ്റും കൂടാതെ വിജയികള്‍ക്ക് സമ്മാനങ്ങളും ലഭിക്കും.
ആലുവ ബാങ്ക് ജംഗ്ഷനു സമീപമുള്ള കടത്തുകടവില്‍ നിന്ന് രാവിലെ അഞ്ച് മുതല്‍ ഉച്ചക്ക് ഒന്നു വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതിനായി പെരിയാര്‍ ആഡ്വവഞ്ചേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ 150 പേരടങ്ങുന്ന ക്രൂ സജ്ജരാകും. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം കൂടാതെ പ്രത്യേക പരിശീലനം ലഭിച്ച കയാക്ക് ടീം, വഞ്ചികള്‍, റെസ്‌ക്യൂ ബോട്ട് എന്നിവ സഹായത്തിന് ഉണ്ടാവും.
നീന്തല്‍ പ്രോത്സാഹിപ്പിക്കുക, മുങ്ങി മരണങ്ങള്‍ ഒഴിവാക്കുക, കേരളത്തില്‍ നിന്ന് ഒരു ഒളിമ്പ്യനെയെങ്കിലും കണ്ടെത്തുക, ആലുവയെ എക്കോ ടൂറിസം ആന്റ് ആഡ്വവഞ്ചേഴ്സ് സ്പോട്‌സ് ആക്കി മാറ്റുക, പുഴകളും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തുന്നത്.
പരിപാടിയില്‍ പങ്കെടുക്കുന്നതിന് റജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട് (www.tdksports.in). ഗ്രൂപ്പായി പങ്കെടുക്കുന്നതിന് പ്രത്യേക ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫോണ്‍ 8089094080.
വാക്ക്- ഇന്‍-ഇന്റര്‍വ്യൂ മാറ്റിവച്ചു
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് എന്ന സ്ഥാപനത്തില്‍ (സി.എഫ്.ആര്‍.ഡി) ജൂനിയര്‍ മാനേജര്‍ (അക്കൌണ്ട്‌സ്) തസ്തികയില്‍ നിയമനം നടത്തുന്നതിനായി മാര്‍ച്ച് 28-ന് രാവിലെ 11 ന് നടക്കാനിരുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു.
- Log in to post comments