ഞങ്ങള്‍ സന്തുഷ്ടരാണ് വയോജനങ്ങള്‍ക്ക് കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്
വയോജനങ്ങള്‍ക്ക് തണലൊരുക്കി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകല്‍വീട്. വീടുകളിലെ ഏകാന്തതയുടെ മോചനമാണ് പകല്‍വീട്. വയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് പകല്‍വീട് ആരംഭിച്ചത്. അറുപതു വയസിനു മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. രാവിലെ പത്തിന് പകല്‍വീട് ഉണരും. കളിയും ചിരിയും സന്തോഷവും പങ്കിട്ട് ഒരു കൂട്ടം വയോജനങ്ങള്‍ പകല്‍ മുഴുവന്‍ ആസ്വദിക്കും. കുടുംബശ്രീയുമായി ചേര്‍ന്ന് രാവിലെയും വൈകിട്ടും ചായയും ലഘു ഭക്ഷണവും ഉച്ചയൂണും നല്‍കുന്നു. എല്ലാ ആഴ്ചയും മീനും ചിക്കനും ഉറപ്പ്. 88 അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിവസവും 30 പേരില്‍ കുറയാതെ എത്തും. കൂട്ടത്തിലെ മുതിര്‍ന്നയാള്‍ക്ക് 87 വയസ്.
ടെലിവിഷന്‍, ദിനപത്രം എന്നിവ ഒരുക്കിയിട്ടുണ്ട്. ഉണര്‍വോടുകൂടി ദിനം വരവേല്‍ക്കാന്‍ യോഗ പരിശീലനം നല്‍കുന്നു. പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറിന്റെ സേവനം എല്ലാ മാസവും ലഭ്യം. വനിതാ ശിശു വികസന വകുപ്പുമായി ചേര്‍ന്ന് മാനസിക ശാരീരിക പിരിമുറുക്കങ്ങളില്‍ നിന്ന് മോചനത്തിനായി ബോധവല്‍കരണ ക്ലാസുകളും കാന്‍സര്‍, കുഷ്ഠരോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. തൊഴില്‍ അധിഷ്ഠിത കവര്‍ നിര്‍മാണ ക്ലാസ്സുകളില്‍ ഉത്സാഹമുള്ള വിദ്യാര്‍ത്ഥികളാണ് വയോജനങ്ങളെന്ന് പകല്‍വീട് ചുമതല വഹിക്കുന്ന ഷൈനി കെ. ജോര്‍ജ് പറഞ്ഞു.
പകല്‍വീടിനായി പയര്‍, പാവല്‍, മുളക് , തക്കാളി ഉള്‍പ്പെട്ട അടുക്കള തോട്ടവും അംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിത്തുകളും ഗ്രോ ബാഗുകളും കൃഷിഭവനില്‍ നിന്ന് ലഭിച്ചു. വാര്‍ധക്യം മറന്ന് വിഷു, ഓണം , റംസാന്‍, ക്രിസ്തുമസ്, ജ•ദിനം പോലുള്ളവ ഒരുമിച്ച് ആഘോഷിക്കുന്നു.
ജീവിത സായാഹ്നത്തില്‍ സുഖദു:ഖങ്ങള്‍ പങ്കുവയ്ക്കാനാകാതെ ഏകാന്തത അനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസമാണ് പകല്‍വീട്. മുതിര്‍ന്നവരുടെ അനുഭവസമ്പത്തും അറിവും പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഇവരെ സ്നേഹിക്കാനും ആദരിക്കാനുമാണ് പകല്‍ വീട് തയ്യാറാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി പറഞ്ഞു.
- Log in to post comments