ഔഷധതണലില്‍ ഇത്തിരി നേരം വായനയുടെ വാതായനം തുറന്ന് നെടുമ്പ്രം പഞ്ചായത്ത്
വായനയുടെ ലോകത്തേക്ക് ക്ഷണിച്ച് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. നെടുമ്പ്രം ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമീപം നട്ടു വളര്‍ത്തിയ നക്ഷത്രവന മരത്തണലില്‍ വായന ആസ്വദിക്കാം. ഔഷധതണല്‍ എന്ന പേരില്‍ 400 ല്‍ അധികം പുസ്തകങ്ങളും ആനുകാലികങ്ങളും ഒരുക്കിയിരിക്കുന്നു. ഏത് പ്രായക്കാര്‍ക്കും അനുയോജ്യമായ പുസ്തകങ്ങളുണ്ട്. വായിക്കാനായി ഇരിപ്പിടങ്ങളും തയ്യാര്‍. ആരോഗ്യകേന്ദ്രത്തിലും കടപ്ര രജിസ്ട്രാര്‍ കാര്യാലയത്തിലും എത്തുന്നവര്‍ വായനായിടം ഉപയോഗിക്കുന്നു.പുസ്തകക്കൂട്ട് കാമ്പയിന്റെ ഭാഗമായാണ് പദ്ധതി.
പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കും. ആശാ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേനയാണിത്. വായനയ്ക്ക് ശേഷം പുസ്തകം തിരികെ എത്തിക്കുന്നതും ഇവര്‍ തന്നെ. ആരോഗ്യകേന്ദ്രത്തിന് സമീപമുള്ള ടേക്ക് എ ബ്രേക്ക്, ജനകീയ ഹോട്ടല്‍ എന്നിവിടങ്ങളിലെ ജീവനകാര്‍ക്കും ഔഷധതണല്‍ അറിവ് പകരുന്നു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള ഹാപ്പിനെസ്സ് പാര്‍ക്ക് അവസാന ഘട്ടത്തിലാണ്. ആവശ്യമായ പുസ്തകങ്ങള്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ നിന്നാണ് ശേഖരിച്ചത്. പുസ്തകത്തിന്റെ എണ്ണം കൂട്ടാനുളള ശ്രമത്തിലാണ് പഞ്ചായത്ത്. ലൈബ്രറിയുടെ വിപുലീകരണവും ലക്ഷ്യമിടുന്നു. പുസ്തകങ്ങള്‍ സൂക്ഷിക്കാനായി അലമാരകളുള്‍പ്പടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി പറഞ്ഞു.
- Log in to post comments