കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം മാതൃകാപരം : മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ തയ്യൽ തൊഴിലാളികൾ, തയ്യൽ സ്വയം തൊഴിലായി സ്വീകരിച്ചിട്ടുള്ളവർ എന്നിവർക്ക് വേണ്ടി മാതൃകാപരമായ ക്ഷേമപ്രവർത്തനങ്ങളാണ് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സെക്രട്ടറിയേറ്റിലെ നവകൈരളി ഹാളിൽ നടന്ന ചടങ്ങിൽ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രസിദ്ധീകരിച്ച ക്ഷേമദർപ്പണം കൈപ്പുസ്തകം, നവീകരിച്ച സോഫ്റ്റ്വെയർ എന്നിവയുടെ പ്രകാശനവും തയ്യൽ തൊഴിലാളി ആനുകൂല്യ വിതരണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ ബോർഡിൽ ഏഴുലക്ഷത്തി അറുപത്താറായിരത്തി ഇരുനൂറ്റി ഒന്ന് (7,66,201) അംഗങ്ങളും ഒരുലക്ഷത്തി പതിനേഴായിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ച് (117,985) പെൻഷൻകാരും ഉണ്ട്. പെൻഷന് പുറമെ വിവാഹ ധനസഹായം, പ്രസവ ധനസഹായം, ചികിത്സാ ധനസഹായം, റിട്ടയർമെന്റ് ആനുകൂല്യം തുടങ്ങി വിവിധങ്ങളായ ആനുകൂല്യങ്ങൾ ബോർഡ് നൽകി വരുന്നുണ്ട്.
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചരിത്രം, നിയമം, ചട്ടങ്ങൾ എന്നിവയിൽ നാളിതുവരെ വരുത്തിയിട്ടുള്ള ഭേദഗതികൾ ഉൾപ്പെടുത്തി ക്ഷേമദർപ്പണം എന്ന പേരിൽ ഒരു കൈപുസ്തകം അച്ചടിച്ച് ഇറക്കുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ബോർഡിന്റെ നിലവിലുള്ള വെബ് സൈറ്റ് പൂതിയ മാതൃകയിൽ പരിഷ്‌കരിച്ച് ഇറക്കുന്നതും അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ 10 ഗുണഭോക്താക്കൾക്കുള്ള മരണാനന്തര ധനസഹായമായ നാല് ലക്ഷത്തി അറുപത്തി എട്ടായിരത്തി ഇരുനൂറ്റി എൺപത് രൂപ (4,68,280) ഇന്ന് ഇവിടെ വച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്ക് വിതരണം ചെയ്യുകയാണ്.
എലിസബത്ത് അസീസി ചെയർമാനായിട്ടുള്ള ബോർഡ് മാതൃകാപരമായ പ്രവർത്തനമാണ് കാഴച വയ്ക്കുന്നത്. ബോർഡ് അംഗങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ അർഹതയുള്ള 10 ഗുണഭോക്താക്കൾക്കുള്ള മരണാനന്തര ധനസഹായമായ 4,68,280 രൂപ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചരിത്രം, നിയമം, ചട്ടങ്ങൾ . ഭേദ ഗതികൾ,തയ്യൽ തൊഴി ലാളികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നടപടി ക്രമങ്ങൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ നിന്നും പുറപ്പെടുവിക്കുന്ന സർക്കുലറുകൾ എന്നിവ ഉൾപ്പെടുത്തിയാണ് ക്ഷേമ ദർപ്പണം എന്ന പേരിൽ കൈപ്പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. വെബ് സൈറ്റ് നവീകരണം കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ സഹായത്തോടെയാണ് പൂർത്തീകരിച്ചത്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ എലിസബത്ത് അസീസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ലേബർകമ്മീഷണർ സഫ്‌ന നസറുദ്ദീൻ സ്വാഗതമാശംസിച്ചു. സി ഇ ഒ ആർ പ്രമോദ് നന്ദി പറഞ്ഞു.
പി.എൻ.എക്‌സ് 1361/2025
- Log in to post comments