എൽ ഇ ഡി ബൾബ് വിതരണോദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു
ഇരിങ്ങാലക്കുട ജി എം ബി എച്ച് എസ് സ്കൂൾ പ്രൊഡക്ഷൻ സെന്റർ നിർമിച്ച എൽ ഇ ഡി ബൾബിന്റെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും ഇടയിലുള്ള നൈപുണ്യത്തിന്റെ വിടവ് നികത്താൻ കഴിയുന്ന പദ്ധതിയാണ് ഇതെന്നും പ്രവർത്തനത്തിലൂടെ പഠിക്കുന്ന വിദ്യാഭ്യാസത്തിനാണ് ഇന്ന് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തി പരിചയ പരിപാടിയുടെ ഭാഗമായി ജില്ലയിൽ തന്നെ പ്രൊഡക്ഷൻ സെന്റർ അനുവദിച്ച ഏക വിദ്യാലയമാണ് ഇരിങ്ങാലക്കുട ജി എം ബി എച്ച് എസ് എസ്. സാമാന്യ വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികൾക്ക് സാമൂഹിക പ്രാധാന്യമുള്ള ഉത്പാദന പ്രവർത്തനങ്ങളിൽ പരിശീലനം നൽകുക, തൊഴിലിനോട് ആഭിമുഖ്യം വളർത്തിയെടുക്കുക, ഉത്തരവാദിത്വമുള്ള സമൂഹത്തെ വളർത്തിയെടുക്കുന്നതിനായി പഠനത്തോടൊപ്പം സമ്പാദ്യവും എന്നതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത നിത്യോപയോഗ സാധനങ്ങൾ സ്കൂളുകളിൽ തന്നെ നിർമ്മിച്ച് വിതരണം ചെയ്ത് ലാഭവിഹിതം നേടുക എന്നതാണ് പ്രൊഡക്ഷൻ സെന്ററുകളുടെ ലക്ഷ്യം.
സ്കൂളിലെ സയൻസ് അധ്യാപകനായ ജയരാജ് മാസ്റ്ററുടെ നേതൃത്വത്തിലാണ് കുട്ടികൾ മൂന്നൂറോളം എൽ ഇ ഡി ബൾബുകൾ നിർമ്മിച്ചത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയർപേഴ്സൺ അഡ്വ. ജിഷാ ജോബി, ഇരിങ്ങാലക്കുട ഡിഇഒ ടി ഷൈനി, എച്ച്എസ്എസ് വിഭാഗം പ്രിൻസിപ്പൽ എംകെ മുരളി, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ ഇൻചാർജ് സൂരജ് മാഷ്, പിടിഎ പ്രസിഡണ്ട് വി ഭക്തവത്സലൻ, എസ് എം സി ചെയർമാൻ അഹമ്മദ് ഫസലുള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments