Skip to main content

അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുവായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍തലത്തില്‍ തുടങ്ങി ബൂത്ത്തലം വരെ യോഗം നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും നിയോജകമണ്ഡലതലത്തില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരും ജില്ലാതലത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറും യോഗം നടത്തിയിരുന്നു. ഈ യോഗങ്ങളുടെ തുടര്‍ച്ചയായാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതലത്തില്‍ യോഗം ചേര്‍ന്നത്.

ജില്ലയില്‍ ആകെ 2338 ബൂത്തുകളുള്ളതില്‍ 11 ബൂത്തുകളിലൊഴികെ ബൂത്ത് ലെവല്‍ ഓഫീസര്‍, ബൂത്ത് ലെവല്‍ ഏജന്റുമാരുടെ യോഗം നടത്തിയിരുന്നു. ബാക്കിയുള്ള 11 ബൂത്തുകളില്‍ മാര്‍ച്ച് 31 നകം യോഗം ചേരും. 2 പാര്‍ട്ടികളുടെയെങ്കിലും ബൂത്ത്‌ലെവല്‍ ഏജന്റ്മാരുടെ സാന്നിദ്ധ്യത്തിലാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവല്‍ ഏജന്റ്മാരുടെയും യോഗം നടത്തിയത്.

2025 ജനുവരി 6 ന് പ്രസിദ്ധീകരിച്ച 2025 ലെ അന്തിമ വോട്ടര്‍പട്ടിക പരിശോധിച്ച് മരണപ്പെട്ടവര്‍, സ്ഥലം മാറിപ്പോയവര്‍, പട്ടികയില്‍ ഉള്‍പ്പെടാതെപോയവര്‍ എന്നിവരെ കണ്ടെത്തുന്നതിനായി ബൂത്ത്‌ലെവല്‍ ഓഫീസര്‍-ബൂത്ത്‌ലെവല്‍ ഏജന്റ്മാരുടെ യോഗം നടത്തിയിരുന്നു. ഇത്തരത്തില്‍ കണ്ടെത്തിയ മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും നിയമപരമായ നടപടികളിലൂടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിനും യോഗ്യതയുണ്ടായിട്ടും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് കണ്ടെത്തിയവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇത്തരത്തില്‍ 2025 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പുതിയതായി 4440 അപേക്ഷകള്‍ ലഭിച്ചു. 2026 ലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് ശുദ്ധമായ വോട്ടര്‍പട്ടിക തയ്യാറാക്കുക എന്നതാണ് അന്തിമ ലക്ഷ്യം.

ഒന്നിലധികം വ്യക്തികള്‍ക്ക് സാങ്കേതിക കാരണങ്ങളാല്‍ ഒരേ ഇലക്ഷന്‍ ഐ.ഡി നമ്പര്‍ അനുവദിച്ചിരുന്നു എന്ന പ്രശ്‌നം രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. തൃശ്ശൂര്‍ ജില്ലയില്‍ ഇത്തരത്തില്‍ 797 കോസുകളുണ്ട്. ഇവര്‍ക്കെല്ലാം യൂണിക് വോട്ടര്‍ ഐ.ഡി നമ്പര്‍ പുതുതായി അനുവദിച്ചു. അവരുടെ പുതിയ ഐ.ഡി കാര്‍ഡുകള്‍ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്തു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം വേണമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) കെ. കൃഷ്ണകുമാര്‍, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് കെ.ആര്‍ രേഖ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date