കണക്റ്റിങ് തളിപ്പറമ്പ് നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു
കണക്റ്റിംഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ഓഫീസ്, ബ്ലോക്ക് ജോബ് സ്റ്റേഷൻ എന്നിവയുടെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. അഭ്യസ്തവിദ്യരുടെ തൊഴിൽ സ്വപ്നങ്ങൾക്കൊപ്പം നിന്ന് ആഗ്രഹിക്കുന്ന ജോലി നേടിയെടുക്കാൻ സഹായിക്കുകയാണ് കണക്റ്റിംഗ് തളിപ്പറമ്പ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ അധ്യക്ഷനായി. എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ കേരള നോളജ് ഇക്കണോമി മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തൊഴിൽ സംരംഭകത്വ വികസന പദ്ധതിയാണ് കണക്റ്റിംഗ് തളിപ്പറമ്പ. തൊഴിൽ ആഗ്രഹിക്കുന്ന മണ്ഡലത്തിലെ മുഴുവൻ അഭ്യസ്ത വിദ്യരെയും അവർ ആഗ്രഹിക്കുന്ന തൊഴിലിലേക്കും സംരംഭകത്വത്തിലേക്കും നയിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. ഇതിനായി കേരള ഇക്കണോമി മിഷന്റെ ജോബ് പോർട്ടലായ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി ഡബ്ല്യു എം എസ്)വഴി രജിസ്റ്റർ ചെയ്ത് ഇതിന്റെ ഭാഗമാകാനാവും. ഇതിനോടകം തന്നെ പതിനാലായിരത്തോളം പേർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് കരിയർ കൗൺസിലിങ് നൽകും. ഉദ്യോഗാർഥികൾക്ക് ആവശ്യമായ വൈദഗ്ധ്യം നൽകി ജോലിക്ക് യോഗ്യരാക്കി മാറ്റുകയും പ്ലേസ്മെന്റ് ഡ്രൈവുകളും മെഗാ ജോബ് ഫെയറുകളും നടത്തി ഓരോരുത്തർക്കും അവർ ആഗ്രഹിക്കുന്ന ജോലി നേടാൻ സഹായിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി തളിപ്പറമ്പ് മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും ജോബ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഉദ്യോഗാർത്ഥിക്ക് അവർ ആഗ്രഹിക്കുന്ന ഒരു ജോലിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്ന വിജ്ഞാന സൗഹൃദ സേവന ഇടമാണ് ജോബ് സ്റ്റേഷൻ. 37 പ്ലേസ്മെന്റ് ഡ്രൈവുകൾ നടത്തി. പദ്ധതിയിലൂടെ 1025 പേർക്ക് ഇതിനോടകം അവർ ആഗ്രഹിച്ച തൊഴിലിൽ എത്തിപ്പെടാനായി. കമ്യൂണിറ്റി കൗൺസിലർമാരുടെയും കമ്യൂണിറ്റി അംബാസിഡർമാരുടെയും സേവനം ജോബ് സ്റ്റേഷനുകൾ വഴി ലഭ്യമാകും. കോ ഓർഡിനേറ്റർ കണക്റ്റിംഗ് തളിപ്പറമ്പ കെ ലിഷ ,കേരള നോളജ് ഇക്കണോമി ഡയറക്ടർ ഡോ പി എസ് ശ്രീകല, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ, പരിയാരം പഞ്ചായത്ത് മെമ്പർ ടി ഷീബ, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി റെജി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊയ്യം ജനാർദ്ദനൻ ,സ്റ്റേറ്റ് റിസോസ് പേഴ്സൺ കെകെ രവി , കില ബ്ലോക്ക് കോ ഓർഡിനേറ്റർ ടി മോഹനൻ എന്നിവർ സംസാരിച്ചു.
- Log in to post comments