സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ജില്ലാതല ഉദ്ഘാടനം ചെയ്തു
നവ കേരള കർമ പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ ആസൂത്രണസമിതിഹാളിൽ നടന്നു. കായിക-വഖഫ്-ഹജ്ജ്-റെയിൽവേ- വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന പരിപാടിയാണ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി. ഓരോ ക്ലാസിലും പ്രായത്തിനനുസരിച്ച് കുട്ടികൾ നേടേണ്ട ശേഷികൾ ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അക്കാദമിക് ഗുണനിലവാരം ഉയർത്തുക, മൂല്യനിർണയ രീതി പ്രാവർത്തികമാക്കുക, ടെക്നോളജി പ്രയോജനപ്പെടുത്തുക തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിവിധ ഏജൻസികളെയും വകുപ്പുകളെയും സംയോജിപ്പിച്ച് വിഭാവനം ചെയ്യുന്നത്. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മലപ്പുറം ജില്ലയുടെ ആക്ഷൻ പ്ലാനും പരിപാടിയിൽ ചർച്ച ചെയ്തു. 2023-24 അധ്യയന വർഷത്തെ ദേശീയതല ഇൻസ്പയർ അവാർഡ് മനക്ക് മത്സരത്തിൽ ഫൈനൽ ലിസ്റ്റിൽ എത്തി ഇൻറർനാഷണൽ ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വടശ്ശേരി ജി എച്ച് എസ് വിദ്യാർത്ഥി മുഹമ്മദ് റോഷന് മന്ത്രി ഉപഹാരം കൈമാറി. മലപ്പുറം എംഎൽഎ ഉബൈദുള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി ആർ വിനോദ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഗീതാകുമാരി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ, റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേശ് കുമാർ, ഡയറ്റ് മലപ്പുറം പ്രിൻസിപ്പൽ ഡോ. ബാബു വർഗീസ്, സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റർ ടി സലീം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ അബ്ദുറഹ്മാൻ കാരാട്ട്, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, നിലമ്പൂർ നഗരസഭ ചെയർപേഴ്സൺ മാട്ടുമ്മൽ സലീം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments