എലിപ്പനി: മുന്‍കരുതല്‍ സ്വീകരിക്കണം
ജില്ലയില്‍ ഇടവിട്ട് വേനല്‍ മഴപെയ്യുന്നതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. കുട്ടികളില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. റോഡിലും കളിസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിപ്പനിക്ക് കാരണമായ ലെപ്റ്റോസ്പൈറ ബാക്ടീരിയ കാണപ്പെടാം. രോഗാണുക്കള്‍ കലര്‍ന്ന മലിന ജലത്തില്‍ ഇറങ്ങുമ്പോള്‍ ഇവ ശരീരത്തില്‍ പ്രവേശിക്കും. ശരീരത്തില്‍ മുറിവുകളോ പോറലുകളോ ഉള്ളപ്പോള്‍ മലിനജലത്തില്‍ ഇറങ്ങുകയോ കൈകാലുകള്‍, മുഖം എന്നിവ കഴുകുകയോ ചെയ്യരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. പനിയുണ്ടായാല്‍ മലിനജലത്തില്‍ കളിക്കുകയോ, കുളിക്കുകയോ മുഖം കഴുകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരം ഡോക്ടറോട് പറയണം. വയലില്‍ പണിയെടുക്കുന്നവര്‍, ഓട,തോട്,കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവരിലും ക്ഷീരകര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്കും രോഗസാധ്യത കൂടുതലാണ്. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സി സൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കണമെന്നും മരുന്ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments