Skip to main content
..

പനയം പഞ്ചായത്ത്് മാലിന്യമുക്തിയിലേക്ക്

ഒരുതരി മാലിന്യംപോലുമുണ്ടാകരുതെന്ന ലക്ഷ്യവുമായി മുന്നോട്ടാണ് പനയം ഗ്രാമപഞ്ചായത്ത്. ഈ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കൂടെയുള്ളത് അക്ഷീണം പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയും. പനയം ഗ്രാമപഞ്ചായത്തിലെ പരിസര ശുചിത്വം ഉറപ്പുവരുത്താന്‍ കുടുംബശ്രീ സി.ഡി.എസിലെ ഹരിതകര്‍മസേന സദാകര്‍മനിരതം. പനയത്തിന്റെ പാരിസ്ഥിതികസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ വലിയപങ്കാണ് ഇവര്‍ക്കുള്ളത്.
സേനയില്‍ 38 അംഗങ്ങളാണുള്ളത്. അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് മുഖ്യപ്രവര്‍ത്തനം. പഞ്ചായത്തില്‍ ഒരു വാര്‍ഡ് ശരാശരി ആറ് ക്ലസ്റ്ററുകളായി തിരിച്ച് ഓരോന്നിലും രണ്ടുപേര്‍ വീതം ശുചിത്വപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും വഴിയോരങ്ങളില്‍ വലിച്ചെറിയാതിരിക്കാന്‍ എല്ലാ വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 'ക്ലസ്റ്റേഴ്സ് അറ്റ് സ്‌കൂള്‍'  സ്‌കൂളുകളിലും മാലിന്യ ശേഖരണ ഉപാധികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെയാണ് വിദ്യാര്‍ഥികളില്‍ ശുചിത്വബോധമുണ്ടാക്കുന്നതും. നൂറു ശതമാനം യൂസര്‍ഫീയും ലഭിക്കുന്നത് ഹരിതകര്‍മസേനയുടെ പൊതുസ്വീകാര്യതയ്ക്ക് സാക്ഷ്യം.  പ്രതിമാസം 11,000 മുതല്‍ 20,000 രൂപ വരെയാണ് ലഭിക്കുന്ന വരുമാനം.  

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസാണ് ഹരിതകര്‍മ സേനക്കുള്ളത്. ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ഇന്റര്‍നെറ്റ്, വൈഫൈ, ബയോമെട്രിക് പഞ്ചിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കിയ ഇവിടെ പ്ലാസ്റ്റിക് ശേഖരിക്കാനുള്ള ബെയ്ലിങ് മെഷീനും ഉണ്ട്. മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി, റിസോഴ്സ് റിക്കവറി ഫെസിലിറ്റി സംവിധാനവും പ്രവര്‍ത്തിക്കുന്നു.

ശുചിത്വം ഉറപ്പാക്കുന്നതിനായി പനയം പഞ്ചായത്തിലെ എല്ലാ പരിപാടികളും ഹരിതചട്ടം പാലിച്ചാണ് നടപ്പാക്കുന്നത്. പരിപാടി നടത്തുന്നതിനു മുമ്പായി ഹരിതകര്‍മസേനയെ അറിയിക്കുകയും മുന്‍കൂറായി നിശ്ചിത യൂസര്‍ ഫീസ് അടക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ. പരിപാടി കഴിയുമ്പോള്‍ മാലിന്യം ശേഖരിക്കും. റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും ഹരിതകര്‍മസേനയുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുണ്ട്. ഖരമാലിന്യങ്ങള്‍ ഗ്രീന്‍ ടെക് എക്കോ കണ്‍സല്‍ട്ടന്‍സിക്കാണ് കൈമാറുന്നത്.

ജൈവ മാലിന്യത്തില്‍നിന്ന് വളം നിര്‍മിച്ച് വിപണനവും അതിലൂടെ വരുമാനവും വനിതാസംഘം കണ്ടെത്തുന്നു. തുണിസഞ്ചി നിര്‍മാണ യൂണിറ്റ്, എല്‍.ഇ.ഡി ബള്‍ബ് യൂണിറ്റ്, ശിങ്കാരി മേളം കലാസംഘം, കാറ്ററിങ് എന്നീ സംരംഭങ്ങളും നടത്തുന്നുണ്ട്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി അയല്‍ക്കൂട്ടം, എ.ഡി.എസ് അംഗങ്ങളുടെ സഹായത്തോടെ അഷ്ടമുടി കായലില്‍ ശുചീകരണവും നടത്താറുണ്ട്. മാസത്തില്‍ രണ്ടുതവണ പൊതുഇടങ്ങള്‍ വൃത്തിയാക്കി ഫലവൃക്ഷങ്ങളും ചെടികളും നട്ടുപരിപാലിക്കുന്നു. പനയം ഗ്രാമപഞ്ചായത്തില്‍ വിനോദസഞ്ചാര സൗഹൃദ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമാകുന്നു.
മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പനയം ഗ്രാമപഞ്ചായത്തും ഹരിതകര്‍മ സേനാംഗങ്ങളും.
 

date