ജനകീയ ക്യാമ്പയിനിലൂടെ മാലിന്യമുക്ത കേരളം യാഥാർത്ഥ്യത്തിലേയ്ക്ക്
* മാർച്ച് 30 ന് തദ്ദേശ സ്വയംഭരണ സ്ഥാപനതല പ്രഖ്യാപനത്തെ തുടർന്ന് ഏപ്രിൽ 07 വരെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രിമാർ ജില്ലാതല പ്രഖ്യാപനം നിർവഹിക്കും
കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ലക്ഷ്യം കൈവരിക്കുന്നു. 2024 ഒക്ടോബർ 02 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ കേരളത്തെ ഖരമാലിന്യ മുക്തമാക്കാൻ വേണ്ടിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനതല നിർവ്വഹണ സമിതി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കോർ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ജനകീയ ക്യാമ്പയിന്റെ സംഘാടനാ ചുമതല ഹരിതകേരളം മിഷനും തദ്ദേശ സ്വയംഭരണ വകുപ്പിനുമായിരുന്നു. വാർഡ്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ, ബ്ലോക്ക് തലങ്ങളിൽ വിവിധ നിർവഹണ സമിതികൾ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സജീവമായി. ജില്ലാതല ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിലുള്ള നിർവഹണ സമിതിയും പ്രവർത്തിച്ചു. സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് സമ്പൂർണ്ണമായി മാലിന്യമുക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിനകം നടന്നു കഴിഞ്ഞു. അവശേഷിക്കുന്ന ഇടങ്ങളിലാണ് മാർച്ച് 30 ന് പ്രഖ്യാപനങ്ങൾ നടക്കുന്നത്. ഹരിത പദവിയിലെത്തിയ സ്കൂളുകൾ, കലാലയങ്ങൾ, ടൗണുകൾ, മാർക്കറ്റുകൾ, അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഓഫീസുകൾ, ലൈബ്രറികൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവയുടെ പ്രഖ്യാപനങ്ങളും ഇതോടൊപ്പം നടക്കും.
സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ അനുസരിച്ച് 375 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യമുക്തമായി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏപ്രിൽ 03 നകം പ്രഖ്യാപനം നടക്കും. മാർച്ച് 30 നു നടക്കുന്ന പ്രഖ്യാപനങ്ങളോടെ ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്ത പദവിയിലെത്തും. ഇതിന്റെ തുടർച്ചയായി ഏപ്രിൽ 05 നകം മാലിന്യമുക്ത ജില്ലാതല പ്രഖ്യാപനങ്ങളും നടക്കും. മാർച്ച് 30 നകം മറ്റ് ഗ്രാമപഞ്ചായത്ത്-നഗരസഭകൾ പ്രഖ്യാപനം നടത്തും. 19,119 വാർഡുകളിൽ 16,799 വാർഡുകളിൽ ഇതിനകം ഹരിതപദവി പ്രഖ്യാപനങ്ങൾ നടന്നു. കണ്ണൂർ ജില്ലാതല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ഏപ്രിൽ 05 ന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട് ജില്ലാതല പ്രഖ്യാപനം നടത്തും. കോട്ടയത്ത് തിരുനക്കര മൈതാനത്ത് ഏപ്രിൽ 07 ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ കോട്ടയം ജില്ലാതല പ്രഖ്യാപനം നടത്തും. മലപ്പുറം ജില്ലാതല പ്രഖ്യാപനം കായിക ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കോട്ടക്കുന്ന് ഓഡിറ്റോറിയത്തിൽ (മലപ്പുറം മുനിസിപ്പാലിറ്റി) നിർവഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി മാലിന്യമുക്ത ജില്ലാതല പ്രഖ്യാപനം നടത്തും. ചെറുതോണി ടൗൺ ഹാളിൽ ഏപ്രിൽ 05 നാണ് പ്രഖ്യാപനം. ആലപ്പുഴയിൽ ഏപ്രിൽ 05 ന് തണ്ണീർമുക്കത്തു നടക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് ജില്ലാതല പ്രഖ്യാപനം നടത്തും. ഏപ്രിൽ 07 ന് പാലക്കാട് ജില്ലാതല പ്രഖ്യാപനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. തിരുവനന്തപുരം ജില്ലാതല പ്രഖ്യാപനം ഏപ്രിൽ ഏഴിന് ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ്. ഹാളിൽ നടക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ തുടങ്ങിയവർ പങ്കെടുക്കും. കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഏപ്രിൽ 7 ന് കൊല്ലം ജില്ലാതല പ്രഖ്യാപനം നിർവഹിക്കും. കാസർഗോഡ് ജില്ലാതല പ്രഖ്യാപനം ഏപ്രിൽ 05 ന് മുനിസിപ്പാലിറ്റി ടൗൺ ഹാളിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നിർവഹിക്കും. വയനാട് ജില്ലാതല പ്രഖ്യാപനവും ഏപ്രിൽ 5 ന് നടക്കും. സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളാണ് പ്രഖ്യാപനവേദി.
ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വം, മാലിന്യ പരിപാലനം എന്നീ മേഖലകളിൽ സംസ്ഥാനത്തിന് നിർണ്ണായക പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം സംസ്ഥാനത്ത് 89%ത്തിലെത്തി. നിലവിൽ 19,721 മിനി എം.സി.എഫ്.കളും 1,330 എം.സി.എഫ്. കളും 192 ആർ.ആർ.എഫ്.കളും പ്രവർത്തന സജ്ജമാണ്. 37,134 ഹരിത കർമസേനാംഗങ്ങൾ പ്രവർത്തിക്കുന്നു. അജൈവ മാലിന്യ ശേഖരണ വിവരങ്ങൾ നിരീക്ഷിക്കാനായി രൂപ കൽപ്പന ചെയ്ത ഹരിത മിത്രം ആപ് 1,018 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ജലാശയങ്ങളിലെ മാലിന്യ നീക്കം കൂടി ഉൾപ്പെടുത്തി നീർച്ചാൽ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ഇനി ഞാനൊഴുകട്ടെ ക്യാമ്പിയിനിലൂടെ 4,830.11 കിലോ മീറ്ററിലെ മാലിന്യം നീക്കി വീണ്ടെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുമായും വകുപ്പുതല ഉദ്യോഗസ്ഥരുമായും നിരന്തരം മോണിറ്ററിംഗ് നടത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
പി.എൻ.എക്സ് 1402/2025
- Log in to post comments