Skip to main content
കുണിയനിലെ പാടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ കുണിയൻ യുവപ്രതിഭയിൽ  ചേർന്ന യോഗത്തിൽ ടി.ഐ മധുസൂദനൻ എംഎൽഎ സംസാരിക്കുന്നു

കുണിയനിലെ പാടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ ശാശ്വത പരിഹാരം ഉണ്ടാകും

കരിവെള്ളൂർ കുണിയനിലേയും പരിസരങ്ങളിലേയും പാടശേഖരങ്ങളിൽ ഉപ്പുവെള്ളം  കയറുന്നത് തടയാൻ ശാശ്വത പരിഹാരം കാണുന്നതിന്  നടപടികൾ സ്വീകരിക്കാൻ കുണിയൻ യുവപ്രതിഭയിൽ  ടി.ഐ മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന  കർഷകരുടെയും നാട്ടുകാരുടെയും യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ 30 വർഷത്തിലധികമായി കർഷകർ നേരിടുന്നതാണ് ഉപ്പുവെള്ള പ്രശ്നം. കടലിൽനിന്ന് കാര-തലിച്ചാലം വഴി ഉപ്പുവെള്ളം കിഴക്കോട്ടൊഴുകി കുണിയനിലെത്തും. മുൻകാലങ്ങളിൽ ഉപ്പുവെള്ളത്തെ തടയാൻ കാര-തലിച്ചാലം അണക്കെട്ടുണ്ടായിരുന്നു. അണക്കെട്ട് കാലപ്പഴക്കം മൂലം നശിച്ചതോടെയാണ് കുണിയനിലെ കർഷകരുടെ സ്വപ്നങ്ങളിൽ ഉപ്പുവെള്ളം കയറിത്തുടങ്ങിയത്.
ഉപ്പുവെള്ളത്തെ പേടിച്ച് കുണിയനിലെ വയലുകളിൽ വളരെ കുറച്ചുപേർ മാത്രമേ രണ്ടാംവിള കൃഷിയിറക്കിയിട്ടുള്ളൂ.

കുണിയൻ മുങ്ങം പാലത്തിനു സമീപവും പടിഞ്ഞാറ് എടാട്ടുമ്മൽ പാലത്തിനു സമീപവും രണ്ട് തടയണകൾ  മൂന്നു വർഷം മുമ്പാണ് നിർമാണം പൂർത്തിയായത്. എന്നാൽ ഉപ്പുവെള്ളത്തെ തടഞ്ഞുനിർത്താൻ തടയണകൾക്കായിട്ടില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പയ്യന്നൂർ, തൃക്കരിപ്പൂർ എംഎൽഎൽ മാർ ചേർന്ന് ഉളിയത്ത് കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനുളള ശ്രമങ്ങൾ നടത്തി വരികയാണ്. ഇതിന് മണ്ണ് പരിശോധനയും ഡിസൈനും ഒരുക്കി  85 കോടി രൂപയുടെ എസ്‌റ്റിമേറ്റും തയ്യാറാക്കി ബന്ധപ്പെട്ട വകുപ്പിന് നൽകി കഴിഞ്ഞിട്ടുണ്ട്. നബാർഡ് പോലുള്ള സ്കീമിൽ ഉൾപ്പെടുത്തി ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടത്തി വരികയാണ്. സംസ്ഥാന സർക്കാർ ഇറിഗേഷൻ വകുപ്പ് കുണിയൻ പാടശേഖരത്തിലേക്ക് ഉപ്പുവെള്ളം കയറുന്നത് താൽക്കാലികമായി തടയുന്നതിനായി 75 ലക്ഷം രൂപയുടെ ഭരണാനുമതി നേടിയിരുന്നു. ഇതിന്റെ റീ ടെണ്ടർ അനുമതിക്കായി അപേക്ഷ നൽകിയതായും എംഎൽഎ അറിയിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് എ.വി ലേജു അധ്യക്ഷയായി. കൃഷി ഓഫീസർ നമിത രഘുനാഥ്, എ ഷീജ എന്നിവർ സംസാരിച്ചു.

date