*നാഷണൽ മീൻസ് -കം -മെറിറ്റ് സ്കോളർഷിപ്പ് നേടി അഞ്ജലി അനൂപ്*
നഷ്ടങ്ങൾക്കും വേദനകൾക്കും ഒടുവിൽ നാഷണൽ മീൻസ് -കം -മെറിറ്റ് സ്കോളർഷിപ്പ് നേടി അഞ്ജലി അനൂപ്. വെള്ളാർമല ജി.വി.എച്ച്.എസ്. എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജലി. അപ്രതീക്ഷിതമായ അച്ഛന്റെ വിയോഗവും തുടർന്നുണ്ടായ അപ്രതീക്ഷിത ഉരുൾപൊട്ടലിൽ തന്റെ ഉറ്റ സുഹൃത്തുകളുടെ വിയോഗവും അഞ്ജലിയെ തളർത്തി. അച്ഛന്റെ മരണ ശേഷം മാട്രക്കുന്നുള്ള അമ്മൂമ്മയ്ക്കൊപ്പമാണ് അഞ്ജലിയും അമ്മയും സഹോദരങ്ങളും താമസിച്ചത്. അവിടെ നിന്നാണ് ദിവസവും സ്കൂളിലേക്ക് പോയിരുന്നത്. പഠിച്ച സ്കൂളും ഉറ്റ സുഹൃത്തുക്കളും പെട്ടെന്നൊരു ദിവസമാണ് ഉരുൾപൊട്ടലിൽ അഞ്ജലിക്ക് നഷ്ടമായത്. അവിടെനിന്ന് ഇങ്ങോട്ട് ഏറെ പ്രയാസപ്പെട്ടാണ് അഞ്ജലി പഠനത്തിലേക്ക് തിരിച്ചെത്തിയത്. ഉരുൾപൊട്ടലിൽ നഷ്ടമായ സ്കൂളിൽ നിന്നും പുതിയ അന്തരീക്ഷത്തിലേക്ക് വന്ന അഞ്ജലിക്ക് സുഹൃത്തുക്കളുടെ അഭാവം വലിയ വേദനയാണുണ്ടാക്കിയത്. സ്കൂളിലെ അധ്യാപകരുടെയും മറ്റ് സുഹൃത്തുക്കളുടെയും സഹായത്തോടെ പ്രതികൂല സാഹചര്യത്തിലും അഞ്ജലി പഠനത്തിൽ മികവ് പുലർത്തി. ക്ലാസ് ടീച്ചറായ ബിബീഷ ടീച്ചറും ഹിന്ദി അധ്യാപകനായ ജെനിഫർ മാഷും അഞ്ജലിയെയും മറ്റ് 15 കുട്ടികളെയും ദേശീയ മത്സര പരീക്ഷയായ എൻഎംഎംഎസ് എഴുതാൻ തയ്യാറാക്കി.
2024 ഡിസംബർ ഒമ്പതാം തിയതി നടന്ന പരീക്ഷയിൽ അഞ്ജലിക്ക് പ്രതീക്ഷ ഏറെയായിരുന്നു. പരീക്ഷാ ഫലത്തിൽ ഏറെ സന്തോഷമുണ്ടെങ്കിലും ഈ സന്തോഷത്തിൻ്റെ ഭാഗമാകാൻ അച്ഛനും സുഹൃത്തുക്കളും ഇല്ലാത്ത വേദനയുണ്ടെന്നും അഞ്ജലി പറഞ്ഞു. 48,000 രൂപയാണ് സ്കോളർഷിപ്പ് തുക. മേപ്പാടി വിംസ് ആശുപത്രിയിലെ കാന്റീൻ ജീവനക്കാരിയായ അമ്മ രാജേശ്വരിയും വെള്ളർമല സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരി അജലയും അഞ്ചു വയസ്സുകാരൻ കാശിനാഥനനും ഉൾപ്പെടെ തോമാട്ടുചാലിൽ സർക്കാർ ഒരുക്കിയ വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. വെള്ളാർമല ജി.വി. എച്ച്. എസ്. എസ് സ്കൂളിലെ ക്ലാസ് മുറികളുടെ ഉദ്ഘാടന പരിപാടിയിൽ അഞ്ജലിയെ ടി. സിദ്ദിഖ്
എംഎൽഎ ആദരിച്ചു. ബിൽഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ അഞ്ജലിക്ക് പ്രത്യേക സമ്മാനം നൽകി.
- Log in to post comments