Skip to main content

മാലിന്യമുക്ത പഞ്ചായത്തായി തെക്കേക്കര

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനവും അവാർഡ് വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എം എസ് അരുൺകുമാർ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ മോഹൻകുമാർ പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. 

ജനപ്രതിനിധികൾ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്ത റാലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയ മുഴുവൻ ഹരിത കർമ്മസേന അംഗങ്ങൾക്കും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. വ്യക്തിപരമായ സംഭാവനകൾ നൽകിയ കുറത്തികാട് സെന്റ്. ജോൺസ് എം എസ് സി യു പി സ്കൂൾ പ്രഥമ അധ്യാപകൻ റിനോഷ് ശാമുവേൽ, വരേണിക്കൽ സ്കൂൾ പ്രഥമ അധ്യാപകൻ എൻ ഓമനക്കുട്ടൻ, ചെറുകുന്നത്ത് ക്യാമറ സ്ഥാപിച്ച ഷാജി സക്കറിയ തുടങ്ങിയ വ്യക്തികൾക്കും വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച വീട്ടുകാർക്കും ആദരവ് നൽകി. മികച്ച കലാലയം, മികച്ച വിദ്യാലയം, ഹരിതവായനശാല, ഹരിത അയൽക്കൂട്ടം എന്നിവക്കും പ്രത്യേക ആദരവ് നൽകി.  പദ്ധതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലാശയങ്ങൾ ഉൾപ്പെടെ പൊതു ഇടങ്ങളെല്ലാം വൃത്തിയാക്കി. 27 ജംഗ്ഷനുകൾ ഹരിത ടൗണുകളായി പ്രഖ്യാപിക്കുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. പൊതു സ്ഥലങ്ങളിൽ ചെടിച്ചട്ടിയിൽ ചെടികൾ വച്ചുപിടിപ്പിച്ചു. ചുവർചിത്ര കലാകാരനായ മനോജിൻ്റെ സഹായത്തോടെ ഏഴ് സ്ഥലങ്ങളിൽ ചിത്രങ്ങൾ പൂർത്തിയാക്കി. 'വേസ്റ്റ് ടു ആർട്ട് ' എന്ന ആശയത്തോടെ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് രാധാകൃഷ്ണൻ എന്ന കലാകാരൻ കാക്കയുടെ രൂപം സൃഷ്ടിക്കുകയും അത് ഗ്രാമപഞ്ചായത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.  

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി ദേവരാജൻ അധ്യക്ഷയായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി ശ്രീജിത്ത്‌, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

(പിആർ/എഎൽപി/993)

date