Skip to main content

വാർഷിക പദ്ധതി നിർവ്വഹണത്തിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്

വാർഷിക പദ്ധതി നിർവ്വഹണത്തിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്
ജില്ലയിൽ ഒന്നാമതെത്തിയതായി ബ്ലോക്ക് പഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു .  ആദ്യമായാണ് ഈ  ബ്ലോക്ക് പഞ്ചായത്ത്  ജില്ലയിൽ   ഒന്നാംസ്ഥാനത്തേക്ക് എത്തുന്നത് .

കഴിഞ്ഞവർഷം ഈ  തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്  പദ്ധതി ചെലവിൽ ജില്ലയിലെ 12 ബ്ലോക്കുകളിൽ പന്ത്രണ്ടാം സ്ഥാനവും  സംസ്ഥാനതലത്തിൽ 152 ബ്ലോക്കുകളിൽ 145 സ്ഥാനവുമായിരുന്നു .ഇത്തവണ സംസ്ഥാനതലത്തിൽ പത്താമതായും  ജില്ലയിൽ ഒന്നാമതായും മികച്ച പ്രകടനത്തിലൂടെ 
എത്തുന്നതിന്   ഈ  ബ്ലോക്കിന് സാധിച്ചതായി  സെക്രട്ടറി പറഞ്ഞു.

ഉൽപാദനമേഖലയിലും പശ്ചാത്തല മേഖലയിലും സേവന മേഖലയിലും ഒരുപോലെ  മുന്നേറ്റം നടത്താനും കഴിഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ എസ്.രജനിയുടെയും  ബി.ഡി.ഒ.  സി.വി. അജയകുമാറിൻ്റെയും നേതൃത്വത്തിൽ  പദ്ധതി പ്രവർത്തനങ്ങൾ  കൃത്യതയോടെയും  സമയബന്ധിതമായി  നടപ്പാക്കി. സിവിൽ വർക്കുകളുടെ  നിർവഹണത്തന്   അസി.എക്സി: എഞ്ചിനീയർ സനൂജ, അസി.എഞ്ചിനീയർ സീന എന്നിവർ  നേതൃത്വം  നൽകി.എഞ്ചിനീയറിംഗ് വിഭാഗം മുൻവർഷങ്ങളിൽ നടപ്പാകാതെ കിടന്ന പദ്ധതികൾ പൂർത്തീകരിച്ചതും ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ബാക്കി കിടന്ന ഒന്നരക്കോടിയോളം രൂപ പൂർണ്ണമായും ചെലവഴിക്കാൻ സാധിച്ചതുമാണ്  ബ്ലോക്കിനെ ചരിത്രത്തിലാദ്യമായി  ഈ നേട്ടത്തിലേക്കെത്തിച്ചതെന്നും സെക്രട്ടറി അറിയിച്ചു. ലൈഫ് ,പി.എം.എ.വൈ. ഭവന പദ്ധതികൾക്ക് ബ്ലോക്ക് വിഹിതം നൽകിയതോടൊപ്പം അഗതി ആശ്രയ പദ്ധതിക്ക് പരമാവധി തുക പദ്ധതിയിൽ അനുവദിക്കുകയും ചെയ്തു. മൈക്രോ പ്ലാൻ പദ്ധതിയിലുൾപ്പെടുത്തി അതിദാരിദ്ര്യ ലഘൂകരണ പരിപാടിക്കും  ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരമാവധി ഊന്നൽ നൽകിയിട്ടുണ്ട്. ചുനക്കര സാമുഹികാരോഗ്യ കേന്ദ്രത്തിന്റെയും ലാബിന്റെയും , നവീകരണം പൂർത്തിയായിക്കഴിഞ്ഞു.അനുപൂരക പോഷക പരിപാടി, പകർച്ചവ്യാധി, ജീവിത ശൈലീ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ മുൻകൂട്ടി  കൃത്യതയോടുകൂടി നടപ്പാക്കി .
 
പാഴ് വസ്തു ശേഖരണവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളുമായി ചേർന്ന് മികച്ച പദ്ധതികൾ നടപ്പിലാക്കി.ബ്ലോക്ക് പരിധിയിലുള്ള സർക്കാർ സ്കൂളുകൾക്ക് 
 ശുചിമുറി  സമുച്ചയങ്ങൾ സ്ഥാപിച്ചു .പകൽ വീടുകൾ നടപ്പിലാക്കുന്നതിനാവശ്യമായ ബ്ലോക്ക് വിഹിതം അനുവദിച്ചു. ആധുനിക മാതൃകയിലുള്ള  അങ്കണവാടി  കെട്ടിടങ്ങൾ പണി കഴിപ്പിച്ചതോടൊപ്പം വാട്ടർ പ്യൂരിഫെയർ ,  ശിശു സൗഹൃദമായ ശുചിമുറികളും  സ്ഥാപിച്ചു.  സ്കൂളുകളിൽ  കുഴൽ കിണറും കുടിവെള്ള ശുദ്ധീകരണ സംവിധാനങ്ങളു മേർപ്പെടുത്തി. സംസ്ഥാന ടൂറിസം വകുപ്പുമായി ചേർന്ന് പ്രാദേശിക ടൂറിസം  പദ്ധതികൾ  വികസിപ്പിച്ചു. ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ജൈവ വൈവിധ്യ റജിസ്റ്റർ പുതുക്കി. സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി തുല്യതാ കോഴ്സുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതികൾ നടപ്പിലാക്കി .
വനിതാ ഘടക പദ്ധതിയുടെ ഭാഗമായി സ്വയം തൊഴിൽ പദ്ധതികളും വനിതാ യൂണിറ്റുകൾക്ക് മിനി ഡയറി ഫാം പദ്ധതികളും ക്ഷീര സഹകരണ സംഘങ്ങൾക്ക് കീഴിൽ മൊബൈൽ മിൽക്കിംഗ്  യൂണിറ്റുകൾ അനുവദിക്കുകയും ചെയ്തു. ബ്ലോക്ക് പരിധിയിൽ വനിതകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണത്തിനുള്ള സംവിധാനം ഏർപ്പെടുത്തി. ക്ഷീര കർഷകരുടെ സമഗ്രപുരോഗതിക്കായി പദ്ധതികൾ നടപ്പിലാക്കി. യുവകലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കലാപരിശീലനം നടത്തുന്നവർക്ക് വജ്ര ജൂബിലി ഫെല്ലോഷിപ്പ് നൽകി വരുന്നു. പട്ടികജാതി പട്ടിക വർഗ ഘടക പദ്ധതികൾ സമയ ബന്ധിതമായി നടപ്പിലാക്കി. ലൈബ്രറികൾക്ക് ധനസഹായം നൽകി. നെൽകൃഷിക്കും എള്ള് കൃഷിക്കും പ്രോത്സാഹനം നൽകി.   വിജയത്തിന് പിന്നിൽ പ്രവർത്തിച്ച  പ്ലാൻ കോ ഓർഡിനേറ്റർ  ഫൈസൽ , പദ്ധതി ക്ലാർക്ക് അനീഷ് ബി മോഹൻ ,  നിർവഹണ ഉദ്യോഗസ്ഥർ,  സ്ഥിരം സമിതി അംഗങ്ങൾ,  മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവരെ  പ്രസിഡന്റ്  എസ്.രജനി വൈസ് പ്രസിഡന്റ് ജി പുരുഷോത്തമൻ  എന്നിവർ  അഭിനന്ദിച്ചു.

(പി.ആര്‍/എ.എല്‍.പി/1006)

date