Skip to main content

*എസ്.എസ്.എൽ.സി വിശേഷങ്ങളുമായി സ്കൂൾ വിദ്യാര്‍ത്ഥികൾ കളക്ടറെ കാണാനെത്തി*

 

 

ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന "മുഖാമുഖം - മീറ്റ് ദി കളക്ടർ" പരിപാടിയുടെ മുപ്പതാം അധ്യായത്തിൽ എസ്എസ്എൽസി പരീക്ഷാ വിശേഷങ്ങളുമായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പീച്ചിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും അധ്യാപകരും അതിഥികളായെത്തി. വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങള്‍ കളക്ടറുമായി സംസാരിച്ചു. 

 

ജില്ലാ കളക്ടർ കുട്ടികളോട് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയെക്കുറിച്ചും അവരുടെ പരീക്ഷാ അനുഭവങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഫിസിക്സ്, സാമൂഹിക ശാസ്ത്ര പരീക്ഷകൾ അൽപം കഠിനമായിരുന്നുവെങ്കിലും ഭാഷാവിഷയങ്ങൾ പൊതുവേ എളുപ്പമായിരുന്നു എന്ന് കുട്ടികൾ കളക്ടറോട് പറഞ്ഞു. പരീക്ഷാ സമ്മർദ്ദങ്ങളെല്ലാം മാറി വേനലവധി ഫലപ്രദമായി ഉപയോഗിക്കുമെന്നും കുട്ടികൾ പറഞ്ഞു. വിദ്യാർത്ഥികളുടെ തുടർപഠന ലക്ഷ്യങ്ങളും സിവിൽ സർവ്വീസ് പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചും കളക്ടറോട് ചോദിച്ചറിഞ്ഞു.

 

 തൃശ്ശൂർ ജില്ലാ കളക്ടറായി സേവനമനുഷ്ഠിക്കുമ്പോഴുള്ള അനുഭവങ്ങളും ജില്ലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ജില്ലാ കളക്ടറുടെ സിവിൽ സർവീസ് പരിശീലനാനുഭവങ്ങൾ, കിളിമഞ്ചാരോ, എല്‍ബ്രസ് പർവതാരോഹണാനുഭവങ്ങളും കുട്ടികൾക്ക് അറിയാൻ താൽപര്യമുണ്ടായിരുന്നു.  

 

സ്കൂളിൽ കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്നും സ്കൂളിലെ കായിക ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വിവിധങ്ങളായ മറ്റ് ആവശ്യങ്ങളെക്കുറിച്ചും വിദ്യാർത്ഥികളും അധ്യാപരും ജില്ലാ കളക്ടറെ അറിയിച്ചു.  

 

പരിപാടിയിൽ സൂര്യനന്ദന എന്ന വിദ്യാർത്ഥിനി താൻ സ്വയം നിർമ്മിച്ച നെറ്റിപ്പട്ടം കളക്ടർക്ക് കൈമാറി. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും കളക്ടർ വിതരണം ചെയ്തു. 

 

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന മുഖാമുഖത്തില്‍ 21 വിദ്യാർത്ഥികളോടൊപ്പം അധ്യാപികമാരായ സി. രേഖ രവീന്ദ്രൻ, ജോയ്സി റോജ, എം.എസ് സജിത, കെ.ആർ രതുല്യ എന്നിവരും പങ്കെടുത്തു.

 

 

date