Skip to main content

ഉല്ലാസ് നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന പദ്ധതിയിൽ ജില്ലയിയിൽ നിന്നും 10 ഗ്രാമ പഞ്ചായത്തുകള്‍

നവഭാരത് സാക്ഷരത കാര്യക്രമ് (ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം) പരിപാടിയുടെ ഭാഗമായി കേരളത്തിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കാൻ ഉല്ലാസ് എന്ന പേരിൽ  പദ്ധതി  നടപ്പിലാക്കുന്നു.

മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളത്തെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറ് ശതമാനം സാക്ഷരത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആകെ ചെലവിന്റെ 60 ശതമാനം തുക കേന്ദ്ര സര്‍ക്കാരും 40 ശതമാനം തുക സംസ്ഥാന സര്‍ക്കാരും അനുവദിക്കും.  ആലപ്പുഴയിലെ 10 ഗ്രാമ പഞ്ചായത്തുകള്‍ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടു. വയലാര്‍, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, കഞ്ഞിക്കുഴി, മാരാരിക്കുളം തെക്ക്, പുന്നപ്ര വടക്ക്, തകഴി, ബുധനൂര്‍, ഭരണിക്കാവ്, ആല എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ  ജി രാജേശ്വരി അദ്ധ്യക്ഷയായി  ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടറാണ് സമിതിയുടെ ജനറല്‍ കണ്‍വീനര്‍. സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കണ്‍വീനറുമാണ്.

സന്നദ്ധ സംഘടനകളുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റിസോഴ്‌സ് പേഴ്‌സണ്‍മാരെയും സന്നദ്ധ അധ്യാപകരെയും ഇതിനായി കണ്ടെത്തും. വാര്‍ഡ് തലത്തില്‍ സര്‍വെ  നടത്തിയാണ് പഠിതാക്കളെ കണ്ടെത്തുക. പഠിതാക്കളുടെ സൗകര്യം കണക്കാക്കി ഓണ്‍ലൈനായും ഓഫ് ലൈനായും ക്ലാസുകള്‍ നല്‍കും. ജൂണ്‍ 29 ന് പൊതുപരീക്ഷ നടത്തും.

(പി.ആർ/എ.എൽ.പി/1010)

date