മഴക്കാല മുന്നൊരുക്കം: തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യും - ജില്ലാ കളക്ടർ
തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴയ്ക്കുമുന്നോടിയായി തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കി നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കും.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട ചുമതലകൾ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ അലക്‌സ് വർഗീസാണ് ഇറിഗേഷൻ വകുപ്പിന് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
തണ്ണീർമുക്കം തോട്ടപ്പള്ളി എന്നിവിടങ്ങളിലെ ഷട്ടറുകൾ യഥാസമയം തുറക്കുന്നതിനും ആവശ്യമുള്ള ഘട്ടത്തിൽ റെഗുലേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഓരു മുട്ടുകൾ മഴക്കാലത്തിനു മുന്നോടിയായി നീക്കം ചെയ്യണം.പാലങ്ങളുടെ അടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കംചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി.
നാഷണൽ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനായി മോട്ടോർ പമ്പ് സെറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും മുൻകൂറായി സജ്ജമാക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകി. അറ്റകുറ്റപ്പണികൾ നടത്തേണ്ട മുഴുവൻ റോഡുകളും മഴക്കാലത്തിനു മുൻപായി തന്നെ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്‌ലക്‌സുകൾ കാലാവധി കഴിഞ്ഞ ബോർഡുകൾ ബാനറുകൾ കട്ടൗട്ടുകൾ തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യണം.
പ്രകൃതിക്ഷോഭം, കടൽക്ഷോഭം മൂലം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള സംവിധാനങ്ങൾ മുൻകൂട്ടി തന്നെ തയ്യാറെടുക്കേണ്ടതും ക്യാമ്പുകൾക്ക് മതിയായ സജ്ജീകരണങ്ങൾ ഉണ്ടെന്ന് തഹസിൽദാർമാർ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്. രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അതത് തദ്ദേശ മേഖലയിലുള്ള വില്ലേജ് ഓഫീസർമാർ കണ്ടെത്തിയിട്ടുള്ള ക്യാമ്പുകളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ വഹിക്കേണ്ടതാണ്.
സപ്ലൈകോ, മാവേലി സ്റ്റോർ, സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ മഴക്കാലത്തിനു മുൻപേ ആവശ്യമുള്ള ഭക്ഷ്യസാധനങ്ങൾ സ്റ്റോക്ക് ചെയ്തു വയ്ക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം.
സംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കുന്നതിനുള്ള പ്രതിരോധ മരുന്നുകൾ ആരോഗ്യകേന്ദ്രങ്ങൾ മുഖേന പൊതുജനങ്ങൾക്ക് ലഭ്യമാക്കണം.
തകരാറിലായ ട്രാൻസ്‌ഫോർമറുകൾ വൈദ്യുത ലൈനുകൾ പോസ്റ്റുകൾ മുതലായവ അടിയന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബിക്ക് നിർദ്ദേശം നൽകി.
മഴയ്ക്ക് മുൻപായി പാടശേഖരങ്ങളുടെ സംരക്ഷിക്കുന്നതിനുള്ള പുറംബണ്ടുകൾ ബലപ്പെടുത്തണം.
ഹൗസ് ബോട്ടുകൾ അടക്കമുള്ള ജലയാനങ്ങളിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടോ എന്ന് കർശനമായി പരിശോധിക്കണം. പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ആവശ്യമായ ലൈഫ് ഗാർഡുകളെ നിയമിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സബ് കളക്ടർ സമീർ കിഷൻ, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ സി പ്രേംജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
മോക്ഡ്രില്ല് 11ന്്
ദേശീയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംയുക്തമായി ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെ പ്രതിരോധവും തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിന് ഏപ്രിൽ 11ന് മോക് ഡ്രില്ല് സംഘടിപ്പിക്കും.
ഏപ്രിൽ 11ന് പുറക്കാട് ഗ്രാമപഞ്ചായത്തിലെ തോട്ടപ്പള്ളി ഹാർബറിലും ചെറുതന ഗ്രാമപഞ്ചായത്ത് ആയാപറമ്പ് കടവിലും ജില്ലയിലെ മോക്രില്ലുകൾ നടക്കും.
ഏപ്രിൽ എട്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ടേബിൾ ടോപ്പ് എക്സ്സർസൈസ് നടക്കും. വിവിധ വകുപ്പ് മേധാവികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
(പി.ആർ/എ.എൽ.പി/1011)
- Log in to post comments