Post Category
കാഴ്ച പരിമിതർക്കായുള്ള ഒളശ്ശ ഹൈസ്‌കൂളിൽ കുട്ടികൾക്കായി ഫുട്‌ബോൾ ടർഫ് ഒരുങ്ങി
കാഴ്ച പരിമിതർക്കായുള്ള ഒളശ്ശ സർക്കാർ ഹൈസ്‌കൂളിൽ കുട്ടികൾക്ക് കളിച്ചു വളരാൻ ഫുട്‌ബോൾ ടർഫ് ഒരുങ്ങി. സ്‌കൂൾ ഗ്രൗണ്ടിൽ 20 മീറ്റർ നീളത്തിലും 16 മീറ്റർ വീതിയിലുമാണ് ടർഫ് നിർമിച്ചിരിക്കുന്നത്. വശങ്ങളിൽ ഇന്റർലോക്കും വിരിച്ചിട്ടുണ്ട്.ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
40 ശതമാനത്തിന് മുകളിൽ കാഴ്ച വൈകല്യമുള്ള 40 കുട്ടികളാണ് വിദ്യാലയത്തിൽ പഠിക്കുന്നത്. സ്‌കൂളിൽ കലാപരിപാടികൾ, സംഗീതം എന്നിവയിലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.ഇതിന് പുറമെയാണ് കായിക വിനോദങ്ങളിൽ മറ്റെല്ലാകുട്ടികളെയും പോലെ ഇവർക്കും ഏർപ്പെടാനുള്ള സൗകര്യമൊരുക്കുന്നതിനായി ഫൂട്‌ബോൾ ടർഫ് നിർമിച്ചത്. കാഴ്ചപരിമിതർക്കായിട്ടുള്ള സംസ്ഥാനത്തെ ഏക സർക്കാർ ഹൈസ്‌കൂളാണ് ഒളശ്ശയിലേത്.
date
- Log in to post comments