Skip to main content

കുളങ്ങളും തോടുകളും മലിനപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി: മന്ത്രി പി. പ്രസാദ്

 

 

*നവീകരിച്ച ക്ഷേത്രക്കുളം മന്ത്രി  ഉദ്ഘാടനം ചെയ്തു*

 

 

കുളങ്ങളെയും തോടുകളെയും മലിനപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്.

 

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് പരമ്പരാഗത ജലസ്രോതസ്സുകളുടെ പുന:രുജ്ജീവന പദ്ധതി ഉൾപ്പെടുത്തി നവീകരിച്ച ചേർത്തല ശ്രീ കാർത്ത്യായനിദേവീ ക്ഷേത്രക്കുളം   മന്ത്രി  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.107 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തികൾ നടത്തിയത്. 

 

  ജലസ്രോതസ്സുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഏവർക്കും ഉണ്ടെന്നും നവീകരിച്ച കുളങ്ങൾ കുപ്പത്തൊട്ടിയായി വീണ്ടും മാറാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്നും അതിനായി സിസിടിവി ക്യാമറ പോലുള്ള  സംവിധാനങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു . 

 

ചേർത്തല നഗരസഭാ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ശ്രീ കാർത്ത്യായാനി ദേവി ക്ഷേത്രം കുളത്തിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കംചെയ്തു, പാർശ്വഭിത്തി , പടവുകൾ, പാരപ്പെറ്റ് എന്നിവ നിർമിച്ചു. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ജിഐ പൈപ്പിന്റെ കൈവരിയും കുളപ്പുരയുടെ അറ്റകുറ്റപണികളും പെയിന്റിങ് തുങ്ങിയ പ്രവർത്തികളും പൂർത്തീകരിച്ചു. ക്ഷേത്രക്കുള നവീകരണത്തിലൂടെ 167 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനും, സമീപപ്രദേശങ്ങളിലെ കുളങ്ങളിലെയും കിണറുകളും ജല ലഭ്യത വർധിപ്പിക്കാനും സാധിക്കും.

 

ചേർത്തല നഗരസഭ അധ്യക്ഷ  ഷേർലി ഭാർഗവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  നഗരസഭ വൈസ് ചെയർമാൻ ടി എസ് അജയകുമാർ, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡി ആനന്ദബോസ്, മണ്ണ് സംരക്ഷണ വകുപ്പ് ജോയിന്റ്  ഡയറക്ടർ വി എം അശോക് കുമാർ, നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ ശോഭ ജോഷി, എ .എസ് സാബു, കൗൺസിലർമാരായ രാജശ്രീ ജ്യോതിഷ്, എ അജി, ആശാ മുകേഷ് ,എം കെ പുഷ്പകുമാർ , രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്തു

date