Skip to main content

സമ്പൂർണ്ണ മാലിന്യമുക്ത ജില്ലാ പ്രഖ്യാപന സദസ്സിൽ മാവേലിക്കര തെക്കേക്കരക്ക് ആദരം

 

മാലിന്യമുക്ത നവകേരളം ജനകീയ  കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്പൂർണ്ണ മാലിന്യമുക്ത ജില്ലാ പ്രഖ്യാപന സദസ്സിൽ മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിന് ഹരിത പൊതുസ്ഥല പദവിയിൽ മികച്ച തദ്ദേശ സ്ഥാപനത്തിനുള്ള ആദരം നൽകി. തണ്ണീർമുക്കം പഞ്ചായത്തിലെ കണ്ണങ്കര സെന്റ്. സേവ്യഴ്സ് പള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൽ നിന്ന് തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ മോഹൻകുമാർ ആദവരവ് ഏറ്റുവാങ്ങി.

 

മാലിന്യമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 27 പൊതുസ്ഥലങ്ങളിൽ ശുചിത്വ ബോർഡുകൾ സ്ഥാപിച്ചു. പ്രധാന ഇടങ്ങളിൽ ചെടിച്ചട്ടികളും പൂച്ചെടികളും നട്ടുവളർത്തി സൗന്ദര്യ വൽക്കരണം നടത്തി. വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന മാലിന്യക്കൂനകൾ 'ഡമ്പ് സൈറ്റ് ക്ലിയറിങ്' എന്ന പദ്ധതിയിലൂടെ പൂർണ്ണമായും നീക്കം ചെയ്തും പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാൻ 12 സിസിടിവി ക്യാമറകൾ സ്ഥാപിച്ചുമാണ് ഹരിത പൊതുസ്ഥല പദവിയിൽ മികച്ച തദ്ദേശ സ്ഥാപനത്തിനുള്ള ആദരം നേടിയത്.

 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജയശ്രീ ശിവരാമൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ് ശ്രീകുമാർ, അസിസ്റ്റന്റ് ഡയറക്ടർ സി കെ ഷിബു, ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ ജി ബാബു, നവ കേരള കർമ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ കെ എസ് രാജേഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ് ജ്യോതി, ഹെൽത്ത് ഇൻസ്പെക്ടർ എസ് ഷിജിന, ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡൻ്റ് ഷീല ശശികുമാർ, സെക്രട്ടറി സുമിമോൾ, ഹരിതകർമ്മസേന അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

(പി.ആര്‍/എ.എല്‍.പി/1039)

date