മഴക്കാല പൂര്‍വ ശുചീകരണം: ജില്ലാതല അവലോകന യോഗം ചേര്‍ന്നു
ജില്ലയിലെ വേനല്‍ക്കാല ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനം വിലയിരുത്തുന്നതിനും മഴക്കാലപൂര്‍വ ശുചീകരണം, ആരോഗ്യ ജാഗ്രത, പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ എന്നിവ ചര്‍ച്ച ചെയ്യാനും രജിസ്‌ട്രേഷന്‍ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വേനല്‍ക്കാലത്ത് ജല ലഭ്യതയോടൊപ്പം ജലത്തിന്റെ ഗുണനിലവാരവും ഉറപ്പ് വരുത്തണമെന്ന് മന്ത്രി പറഞ്ഞു. മഴക്കാലത്തിനു മുന്‍പ് അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും അപകടസാധ്യതയുള്ള മരങ്ങളോ ചില്ലകളോ വെട്ടിമാറ്റാനും യോഗത്തില്‍ തീരുമാനമായി. ലൈസന്‍സില്ലാതെയുള്ള പടക്ക കച്ചവടം ഇല്ലാതാക്കാന്‍ പരിശോധന ശക്തമാക്കാനും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചെറിയ മഴയിലടക്കം വെള്ളക്കെട്ടുണ്ടാകുന്ന ധര്‍മശാല - പറശ്ശിനിക്കടവ് റോഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. മുന്‍ മാസത്തില്‍ ചേര്‍ന്ന ജില്ലാ അവലോകന യോഗത്തില്‍ ഉയര്‍ന്നുവന്ന പരാതികളുടെ നിലവിലെ സ്ഥിതി യോഗം അവലോകനം ചെയ്തു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments