ലോകാരോഗ്യ ദിനാചരണം: ജില്ലാതല ഉദ്ഘാടനവു ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു
ലോകാരോഗ്യദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ശാസ്ത്രത്തെ വിശ്വാസം കൊണ്ട് മൂടരുതെന്നും പ്രസവം ഉൾപ്പെടെയുള്ള മനുഷ്യന്റെ ആരോഗ്യ കാര്യങ്ങളിൽ ശാസ്ത്രത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്നും എംഎൽഎ പറഞ്ഞു. ശാസ്ത്രത്തിന് മുകളിൽ മനപ്പൂർവമായ ഇടപെടലുകൾ നടത്തുന്ന പ്രവണത ശരിയല്ലെന്നും മറ്റേത് രാജ്യത്തോടും മത്സരിക്കാൻ പറ്റുന്ന പാകത്തിലുള്ള ആരോഗ്യരംഗമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് വീട്ടിലെ പ്രസവത്തിനെതിരെ തയ്യാറാക്കിയ ബോധവൽക്കരണ വീഡിയോയുടെ പ്രകാശനവും എംഎൽഎ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. നവദമ്പതികൾക്ക് കുടുംബാസൂത്രണ-ശിശുപരിചരണ സന്ദേശങ്ങൾ അടങ്ങുന്ന മംഗളപത്രം നൽകുന്ന 'പ്രിയം' (പ്രിപ്പറേറ്ററി ഇൻഫർമേഷൻ ഫോർ യങ് അഡൾട്സ് ഓൺ മാരീഡ് ലൈഫ്) കാമ്പയിന്റെ ഉദ്ഘാടനം എ.ഡി.എം. ആശ സി എബ്രഹാം നിർവഹിച്ചു. ഡിഎംഒ ഡോ. ജമുന വർഗ്ഗീസ് ആരോഗ്യ സന്ദേശം നൽകി.
'ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാനിർഭരമായ ഭാവിക്ക്' എന്നതാണ് ഈ വർഷത്തെ പ്രമേയം. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വീട്ടുപ്രസവങ്ങളുടെ പശ്ചാത്തലത്തിൽ 'കുഞ്ഞോമനകൾ ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ; പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തെരഞ്ഞെടുക്കാം' എന്ന വിഷയത്തിനാണ് സംസ്ഥാനതലത്തിൽ ഊന്നൽ നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഡോ. എസ് ആർ ദിലീപ് കുമാർ, ഡോ. പാർവതി പ്രസാദ്, ഡോ. സ്വപ്ന ഭാസ്ക്കർ, ഡോ. സംഗീത ജോസഫ്, ഡോ. കോശി സി പണിക്കർ, ഡോ. സി ജെ സൗമ്യ, വി എസ് ഷിംന എന്നിവർ സെമിനാറിൽ സംസാരിച്ചു. ഡിവൈഎസ്പി ബിജു വി നായർ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ജി രജനി, ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ഏപ്രിൽ 11നു വൈകിട്ട് 3 മണിക്ക് എസ് ഡി കോളേജിൽ യുവവാണി, 13നു വൈകിട്ട് അഞ്ച് മണിക്ക് ആലപ്പുഴ ബീച്ചിൽ പാട്ടുകൂട്ടം, 15ന് രാവിലെ 10.30 ന് ഡിഎംഒ ഓഫിസിൽ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുകൾക്കും ശിശുരോഗ വിദഗ്ധർക്കുമായുള്ള ശില്പശാല എന്നിവയും സംഘടിപ്പിക്കും.
(പി.ആര്‍/എ.എല്‍.പി/1055)
- Log in to post comments